12 March, 2022 12:50:26 PM
കെഡിഎഫ് രജതജൂബിലി സമ്മേളനം മാര്‍ച്ച് 15ന് തിരുവനന്തപുരം ഗാന്ധി പാര്‍ക്കില്‍
തിരുവനന്തപുരം: കേരള ദലിത് ഫെഡറേഷന്‍ (കെഡിഎഫ്) രജതജൂബിലി സമ്മേളനം മാര്‍ച്ച് 15 വൈകിട്ട് മൂന്നിനു തിരുവനന്തപുരം ഗാന്ധി പാര്‍ക്കില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് പി രാമഭദ്രന്‍ അധ്യക്ഷനാകും. യുഡിഎഫ് കണ്‍വീനര്‍ എം എം ഹസന്‍, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പങ്കെടുക്കും.
ജനുവരി 26ന് പതാക ദിനത്തോടെ ഒരു വര്‍ഷം നീളുന്ന ആഘോഷങ്ങള്‍ ആരംഭിച്ചിരുന്നു. ഉദ്ഘാടന സമ്മേളനത്തിനു തുടര്‍ച്ചയായി ഒരു വര്‍ഷത്തിനിടെ കേരളമെമ്പാടും വിവിധ സമ്മേളനങ്ങള്‍ നടക്കുമെന്ന് സംസ്ഥാന സെക്രട്ടറി രാജന്‍ വെമ്പിളി അറിയിച്ചു. 1997ലെ റിപ്പബ്ലിക് ദിനത്തിലാണ് ദലിതുകളും ആദിവാസികളും ഉള്‍പ്പെടെ പാര്‍ശ്വവല്‍കരിക്കപ്പെടുന്ന മുഴുവന്‍ ജനവിഭാഗങ്ങളുടെയും സാമൂഹികജീവിത മുന്നേറ്റം ലക്ഷ്യമിട്ട് കേരള ദലിത് ഫെഡറേഷന്‍ രൂപീകരിച്ചത്. ത്യാഗഭരിതമായ സമര പോരാട്ടങ്ങളുടെയും അതിജീവന മുന്നേറ്റങ്ങളുടെയും കാല്‍നൂറ്റാണ്ടാണ് കടന്നുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു.
14 ജില്ലകളിലും വനിതാ, വിദ്യാര്‍ത്ഥി, യുവജന, വിദ്യാഭ്യാസ സമ്മേളനങ്ങള്‍, തൊഴിലാളി കൂട്ടായ്മ, ദലിത് ആദിവാസി മഹാസംഗമം, സാംസ്‌കാരിക സദസ്സുകള്‍, ചര്‍ച്ചകള്‍, സെമിനാറുകള്‍ എന്നിവ സംഘടിപ്പിക്കും. വിവിധ മേഖലകളില്‍ മികവു തെളിയിച്ചവരെ ആദരിക്കും.
ഉദ്ഘാടന സമ്മേളനത്തില്‍ എ നീലലോഹിത ദാസ്, വി ദിനകരന്‍, അഡ്വ പി ആര്‍ ദേവദാസ്, ഡോ പി എ ഫസല്‍ ഗഫൂര്‍, അഡ്വ എസ് പ്രഹ്‌ളാദന്‍, ഐസക് വര്‍ഗ്ഗീസ്, കെ കെ ബാലകൃഷ്ണന്‍ നമ്പ്യാര്‍, ബി സുഭാഷ് ബോസ്, ടി പി കുഞ്ഞുമോന്‍, രാമചന്ദ്രന്‍ മുല്ലശ്ശേരില്‍, കെ രവികുമാര്‍, ബി ശശിധരന്‍ പിള്ള, പി എം വിനോദ്, എസ് പി മഞ്ജു, നെയ്യാറ്റിന്‍കര സത്യശീലന്‍ തുടങ്ങിയവരും പങ്കെടുക്കും.