07 February, 2022 12:28:59 PM
പേരൂർക്കടയിൽ യുവതി കുത്തേറ്റു മരിച്ച സംഭവം: അന്വേഷണം ഊർജിതമാക്കി പോലീസ്
തിരുവനന്തപുരം: തിരുവനന്തപുരത്ത് പേരൂർക്കട അമ്പലമുക്കിൽ ചെടികൾ വിൽക്കുന്ന നഴ്സറിയിൽ ജീവനക്കാരി കുത്തേറ്റു മരിച്ച സംഭവവുമായി ബന്ധപ്പെട്ടു പോലീസ് അന്വേഷണം ഊർജിതമാക്കി. നെടുമങ്ങാട് കരിപ്പൂര് ചാരുവള്ളി കോണത്ത് വീട്ടിൽ വിനീത (38) ആണ് ഇന്നലെ ഉച്ചയ്ക്ക് മരിച്ചത്.
കടയ്ക്കുള്ളിൽ ചെടിച്ചട്ടികൾ ഇരിക്കുന്നതിനു സമീപത്താണ് ഇവരുടെ മൃതദേഹം ടാർപോളിൻ കൊണ്ടു ഭാഗികമായി മൂടിയ നിലയിൽ കണ്ടെത്തിയത്. പിടിവലികൾ നടന്ന ലക്ഷണം പ്രഥമദൃഷ്ട്യാ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ കൊലപാതകം എന്ന നിഗമനത്തിലാണ് പോലീസ് എത്തിയിരിക്കുന്നത്.
നാലു പവനോളം വരുന്ന സ്വർണമാല നഷ്ടപ്പെട്ടിരിക്കുന്നതും കഴുത്തിൽ ആഴത്തിലുള്ള കുത്തേറ്റ മുറിവുകൾ കണ്ടെത്തിയതും ഇതിലേക്കാണ് വിരൽ ചൂണ്ടുന്നത്. കടയുടെ സമീപത്തുള്ള ഒരു വ്യാപാര സ്ഥാപനത്തിൽനിന്നും മറ്റൊരു വീട്ടിൽനിന്നും ശേഖരിച്ച സിസിടിവി ദൃശ്യങ്ങൾ പോലീസ് ഇന്നു വിശദമായി പരിശോധിക്കും.