02 February, 2022 05:50:46 PM


എംജി സർവകലാശാലയിലെ കൈക്കൂലി; ജീവനക്കാരിയുടെ ജാമ്യാപേക്ഷ കോടതി തളളി



തിരുവനന്തപുരം: എംജി സർവകലാശാലയിൽ വിദ്യാർത്ഥിയിൽ നിന്ന് കൈക്കൂലി വാങ്ങിയ കേസില്‍ അസിസ്റ്റൻറ് സി ജെ എൽസിയുടെ ജാമ്യാപേക്ഷ തിരുവനന്തപുരം വിജിലൻസ് കോടതി തളളി. പ്രഥമ ദൃഷ്ട്യ പ്രതി ഗൗരവമായ കുറ്റകൃത്യമാണ് ചെയ്തിരിക്കുന്നതെന്ന് കോടതി നിരീക്ഷിച്ചു. അന്വേഷണം തുടരുന്നതിനാൽ ജാമ്യം നിഷേധിക്കുകയാണെന്നും കോടതി അറിയിച്ചു

പ്രൊവിഷണൽ സർട്ടിഫിക്കറ്റും മാർക്ക്  ലിസ്റ്റും വേഗത്തിൽ നൽകാൻ, വിദ്യാർത്ഥിയിൽ നിന്ന് കൈക്കൂലി വാങ്ങിയ കേസിൽ കഴിഞ്ഞ ദിവസമാണ് എംജി സർവകലാശാല പരീക്ഷാ വിഭാഗം അസിസ്റ്റൻറ് സി ജെ എൽസിയെ വിജിലൻസ് അറസ്റ്റ് ചെയ്തത്. വിജിലൻസ് ഡിവൈഎസ്പി പി കെ വിശ്വനാഥന്റെ നേതൃത്വത്തിലുള്ള സംഘമാണ് എൽസിയെ അറസ്റ്റ് ചെയ്തത്. ഏറ്റുമാനൂരത്തെ കോളേജിൽ നിന്നും എംബിഎ പാസായ തിരുവല്ല സ്വദേശിനിയായ വിദ്യാർത്ഥിനിയാണ് ഇവര്‍ക്കെതിരെ പരാതി നൽകിയത്. ഇതേ കുട്ടിയിൽ നിന്നും നേരത്തെ ഒന്നേകാൽ ലക്ഷം രൂപ കൈപ്പറ്റിയ എൽസി വീണ്ടും പണം വാങ്ങുമ്പോഴാണ് വിജിലൻസ് കയ്യോടെ പിടികൂടിയത്.

എൽസി ഈ രീതിയിൽ നേരത്തെയും കൈക്കൂലി കൈപ്പറ്റിയിട്ടുണ്ടോയെന്ന് വിജിലൻസ് അന്വേഷിക്കുന്നുണ്ട്. കൈക്കൂലി വാങ്ങുന്നതിൽ എൽസിക്ക് കൂട്ടാളികൾ ഉണ്ടോയെന്നും വിജിലൻസ് പരിശോധിക്കുന്നുണ്ട്. ഓഫീസുമായും ബാങ്ക് ഇടപാടുകളുമായും ബന്ധപ്പെട്ടു കൂടുതൽ രേഖകൾ പരിശോധിക്കും. ഇന്നലെ രാത്രി എൽസിയുടെ വീട്ടിൽ വിജിലൻസ് റെയ്ഡ് നടത്തിയെങ്കിലും ഒന്നും കണ്ടെത്തിയിരുന്നില്ല. അതേസമയം, എൽസിയെ സസ്പെൻഡ് ചെയ്തതായി രജിസ്ട്രാർ ഡോ.ബി.പ്രകാശ് കുമാർ അറിയിച്ചു. സംഭവത്തിൽ സിൻഡിക്കേറ്റ് അന്വേഷണത്തിന് വൈസ് ചാൻസലർ ശുപാർശ ചെയ്തിട്ടുണ്ട്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K