30 January, 2022 03:42:14 PM
കൈയ്ക്ക് പരിക്ക് പറ്റിയതിന് കാലിന്റെ എക്സ് റേ: ചോദ്യം ചെയ്ത രോഗിയെ ഭീഷണിപ്പെടുത്തി ഡോക്ടർ
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ പരിക്ക് പറ്റി എത്തിയ രോഗിയോട് ഡോക്ടറുടെ ഗുണ്ടായിസം. അസ്ഥിരോഗ വിഭാഗത്തില്‍ പിജി ഡോക്ടറായ ഹരികൃഷ്ണനാണ് ക്യാഷ്വാലിറ്റിയില്‍ എത്തിയ രോഗിയോട് മോശമായി പെരുമാറിയത്. സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. രോഗിയോട് ഇറങ്ങിപ്പോകാന്‍ പറയുന്നതും തനിക്ക് ഇവിടെ ചികിത്സ ഇല്ലന്ന് പറയുന്നതും വീഡിയോയില്‍ വ്യക്തമാകുന്നുണ്ട്.
അപകടത്തില്‍ പരിക്ക് പറ്റി ചികില്‍സയ്ക്ക് എത്തിയ രോഗിയുടെ കാലിന്റെ എക്സ് റേ എടുക്കുന്നതിനാണ് ഡോക്ടര്‍ ആദ്യം നിര്‍ദ്ദേശിച്ചത്. ഡോക്ടര്‍ നല്‍കിയ കുറിപ്പനുസരിച്ച് കാലിന്റെ എക്സ് റേയുമായി രോഗി വീണ്ടും വന്നപ്പോള്‍ കൈയ്ക്ക് പരിക്ക് പറ്റിയതിന് എന്തിനാണ് കാലിന്റെ എക്സ് റേ എന്നുള്ള ചോദ്യവും. ഒന്നുകൂടി പോയി കൈയുടെ എക്സ് റേ എടുക്കാന്‍ ആവശ്യപ്പെട്ടു. ഇത് രോഗി ചോദ്യം ചെയ്തപ്പോഴാണ് ഡോക്ടര്‍ ക്ഷുഭിതനായത്. പറഞ്ഞത് പോലെ ചെയ്യാന്‍ പറ്റില്ലെങ്കില്‍ താന്‍ ഇവിടെ നിന്നും ഇറങ്ങി പോകണമെന്നും, തന്നെ നോക്കാന്‍ സൗകര്യമില്ലെന്നും തന്നെപോലുള്ള ഒരുപാടെണ്ണത്തിനെ ദിവസവും കാണുന്നതാണെന്നും ഹരികൃഷ്ണന്‍ പറയുന്നത് വീഡിയോയിലുണ്ട്.
ഈ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുന്നത് കണ്ട് ഇതിനകത്ത് കയറി വീഡിയോ എടുത്താല്‍ തന്റെ മുട്ടുകാല്‍ തല്ലിയൊടിക്കുമെന്നും ഡോക്ടര്‍ ഭീഷണി മുഴക്കുന്നുണ്ട്. എന്നിട്ടും വീഡിയോ പകര്‍ത്തുന്നത് തുടര്‍ന്നപ്പോള്‍ ഡോക്ടര്‍ മാസ്‌ക് മാറ്റി ഇതാണ് എന്റെ മുഖം, എന്ന് എടുക്ക് എന്ന് പറയുകയും അസഭ്യപദങ്ങള്‍ ഉപയോഗിക്കുകയും ചെയ്യുന്നുണ്ട്. കൈയ്ക്ക് പരിക്ക് പറ്റിയ രോഗിയെ കാലിന്റെ എക്സ് റേ എടുക്കാന്‍ നിര്‍ദ്ദേശിക്കുന്നത് ഡോക്ടര്‍ക്ക് പറ്റിയ പിഴവാണ്. തെറ്റ് അംഗീകരിക്കുന്നതിന് പകരം രോഗിയെ അസഭ്യം പറയുകയും ചികില്‍സ നിഷേധിക്കുകയും ചെയ്തത് ഗുരുതരമായ കുറ്റമാണ്. അത് മെഡിക്കല്‍ എത്തിക്സിന് നിരക്കുന്നതല്ലെന്ന് ഈ രംഗത്തെ വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
ഇത് സംബന്ധിച്ച് മെഡിക്കല്‍ കോളേജ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും കേസെടുക്കാന്‍ തയ്യാറായില്ലെന്ന് രോഗിയുടെ ബന്ധുക്കള്‍ ആരോപിക്കുന്നു. എന്നാല്‍ അത്തരത്തില്‍ യാതൊരു പരാതിയും ലഭിച്ചിട്ടില്ലെന്നാണ് മെഡിക്കല്‍ കോളേജ് പൊലീസിന്റെ വിശദീകരണം. ആശുപത്രി അധികൃതര്‍ക്കും ഇത് സംബന്ധിച്ച് പരാതി ലഭിച്ചിട്ടില്ലെന്ന് മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. നിസാറുദ്ദീനും അറിയിച്ചു. എന്നാല്‍ വീഡിയോ കണ്ടിരുന്നു. വീഡിയോയില്‍ കാണുന്നത് പിജി ഡോക്ടറായ ഡോ. ഹരികൃഷ്ണനാണെന്ന് വ്യക്തമായിട്ടുണ്ട്. ഇവിടെയെത്തുന്ന രോഗികളോട് ഏത് സാഹചര്യത്തിലായാലും ഇത്തരത്തിലുള്ള പെരുമാറ്റം അനുവദിക്കാനാകില്ല. അത് സംബന്ധിച്ച് അന്വേഷിക്കുന്നുണ്ടെന്നും സൂപ്രണ്ട് പറഞ്ഞു.
കഴിഞ്ഞ കുറച്ച് കാലങ്ങളായി തിരുവനന്തപുരം മെഡിക്കല്‍ കോളേജിനെ പറ്റി വ്യാപക ആക്ഷേപമാണ് ഉയര്‍ന്നു കേള്‍ക്കുന്നത്. ഡി ആര്‍ ഫാന്‍സ് എന്ന് അറിയപ്പെടുന്ന ഒരു വിഭാഗമാണ് മെഡിക്കല്‍ കോളേജില്‍ എല്ലാം നിയന്ത്രിക്കുന്നത്. ഇവരുടെ ഗ്രൂപ്പില്‍ ചേര്‍ന്നാല്‍ പിന്നെ ഒന്നും പേടിക്കേണ്ടതില്ല. എല്ലാം കൈക്കുമ്പിളിലാണ്. വീഡിയോ കണ്ട ആരോഗ്യവകുപ്പ് മന്ത്രി ഉചിതമായ നടപടി സ്വീകരിക്കുന്നതിന് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറോട് നിര്‍ദ്ദേശിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇത് ഡി ആര്‍ ഫാന്‍സ് അട്ടിമറിക്കാനാണ് സാധ്യതയെന്നും ആരോപണമുണ്ട്.