01 January, 2022 05:41:25 PM
ത്രിവേണി സ്റ്റോറിലെ ജീവനക്കാരെ അസഭ്യം പറഞ്ഞ ജില്ലാ പഞ്ചായത്ത് അംഗം അറസ്റ്റിൽ
തിരുവനന്തപുരം: വെള്ളനാട് ജില്ലാ പഞ്ചായത്ത് അംഗവും കോൺഗ്രസ് നേതാവുമായ വെള്ളനാട് ശശിയെ പൊലീസ് അറസ്റ്റ് ചെയ്തു. ത്രിവേണിയിലെ ജീവനക്കാരോട് അസഭ്യം പറയുകയും ഫോൺ നശിപ്പിക്കുകയും ചെയ്ത കേസിലാണ് അറസ്റ്റ്. വെള്ളനാട് സഹകരണ ബാങ്ക് പ്രസിഡന്‍റ് കൂടിയാണ് ശശി. സഹകരണ ബാങ്ക് കെട്ടിടത്തിൽ കാലാവധി കഴിഞ്ഞിട്ടും ത്രിവേണി സ്റ്റോർ പ്രവർത്തിക്കുന്നു എന്നാരോപിച്ചായിരുന്നു ആക്രോശം. ജീവനക്കാരുടെ പരാതിയെ തുടർന്നാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ മാസം വെള്ളനാട് പഞ്ചായത്തിൽ ഉദ്ഘാടനം ചെയ്ത കിടങ്ങുമ്മൽ ആരോഗ്യ സബ് സെന്ററിന്റെ ശിലാഫലകം ജില്ലാ പഞ്ചായത്തംഗം കൂടിയായ വെള്ളനാട് ശശി അടിച്ചു തകർത്തു. വെള്ളനാട് ശശി ചുറ്റിക ഉപയോഗിച്ചാണ് അന്ന് ശിലാഫലകം തകർത്തത്. ഒക്ടോബർ 11നാണ് ഗ്രാമപഞ്ചായത്ത് ഗ്രാമ പ്രസിഡന്റ് കെ എസ് രാജലക്ഷ്മി സബ് സെന്റർ ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടനത്തിന് തന്നെ ക്ഷണിക്കാത്തതിലും ശിലാഫലകത്തിൽ പേരില്ലാത്തതിലും ക്ഷുഭിതനായാണ് വെള്ളനാട് ശശി ശിലാഫലകം തകർത്തത്. കേന്ദ്ര സർക്കാർ പദ്ധതി വഴി ലഭിച്ച 50 ലക്ഷം രൂപ കൊണ്ടാണ് വെള്ളനാട് ഗ്രാമപഞ്ചായത്ത് കെട്ടിടം നിർമിച്ചത്.
കോൺഗ്രസ് അംഗമായ വെള്ളനാട് ശശി പ്രസിഡന്റായിരുന്ന കാലത്താണ് ആരോഗ്യ സബ് സെന്ററിന്റെ നിർമാണം തുടങ്ങിയത്. ഭരണസമിതിയുടെ കാലാവധി കഴിയാറായപ്പോൾ നിർമാണം മുക്കാൽ ഭാഗം പൂർത്തിയാക്കി. പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായി ഔദ്യോഗിക ചടങ്ങ് നടത്താതെ അടൂർ പ്രകാശ് എം പി സബ് സെന്റർ ഉദ്ഘാടനം ചെയ്തതായുള്ള ശിലാഫലകം സമീപത്ത് സ്ഥാപിക്കുകയും ചെയ്തു. പുതിയ ഭരണസമിതി അധികാരമേറ്റതിന് ശേഷം നിർമാണം പൂർത്തിയാക്കി ഔദ്യോഗിക ഉദ്ഘാടനം നടത്തുകയായിരുന്നു.