01 January, 2022 11:48:05 AM


'മദ്യം റോഡില്‍ ഒഴുക്കികളഞ്ഞു'; കേരള പൊലീസില്‍ നിന്ന് ഇത് പ്രതീക്ഷിച്ചില്ലെന്ന് സ്വീഡിഷ് പൗരന്‍



തിരുവനന്തപുരം: കോവളത്ത് മദ്യവുമായി പോകുമ്പോള്‍ പൊലീസ് തടഞ്ഞ സംഭവത്തില്‍ വിമര്‍ശനവുമായി സ്വീഡിഷ് പൗരന്‍ സ്റ്റീഫന്‍ ആസ് ബർഗ്. കേരള പൊലീസിൽ നിന്നും ഇത്തരമൊരു അനുഭവം പ്രതീക്ഷിച്ചില്ലെന്ന് സ്റ്റീഫന്‍ പറഞ്ഞു. മൂന്ന് കുപ്പി മദ്യം തന്‍റെ കൈവശമുണ്ടായിരുന്നു. ബില്ല് ഇല്ലാത്തതിനാൽ പൊലീസ് മദ്യം കൊണ്ടുപോകാൻ അനുവദിച്ചില്ല. മദ്യം എടുത്തെറിയാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ പ്ലാസ്റ്റിക് ബോട്ടിലുകൾ ആയതുകൊണ്ട് എടുത്തെറിയാതെ മദ്യം ഒഴുക്കികളഞ്ഞു. തന്‍റെ നിരപരാധിത്വം തെളിയിക്കാനാണ് മദ്യം ഒഴുക്കി കളഞ്ഞിട്ടും ബില്ല് വാങ്ങി സ്റ്റേഷനിൽ കൊണ്ടുകൊടുത്തതെന്നും സ്റ്റീഫന്‍ ആസ് ബർഗ് പറഞ്ഞു. 

നാലുവർഷമായി കേരളത്തിൽ ടൂറിസം രംഗത്ത് താന്‍ പ്രവർത്തിക്കുകയാണ്. എന്നാല്‍ നാട്ടുകാരിൽ നിന്നും പൊലീസിൽ നിന്നും നിരന്തരം പ്രശ്നങ്ങളാണ് നേരിടുന്നതെന്നും സ്റ്റീഫന്‍ വിശദീകരിച്ചു. ന്യൂ ഇയര്‍ ആഘോഷിക്കാന്‍ മൂന്ന് ഫുള്ളുമായി കോവളത്തെ ഹോം സ്റ്റേയിലേക്ക് വരുന്നതിനിടെയാണ് സ്റ്റീഫനെ പൊലീസ് തടഞ്ഞത്. സ്റ്റീവിന്‍റെ സ്‌കൂട്ടറില്‍നിന്ന് മൂന്ന് ഫുള്‍ ബോട്ടില്‍ മദ്യം കണ്ടെടുത്ത പൊലീസ് മദ്യം വാങ്ങിയ ബില്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടു. ബിവറേജില്‍ നിന്ന് ബില്ല് വാങ്ങാന്‍ മറന്നെന്ന് സ്റ്റീഫന്‍ പറഞ്ഞെങ്കിലും പൊലീസ് വിട്ടില്ല. കുപ്പിയടക്കം വലിച്ചെറിയാന്‍ പൊലീസ് സ്റ്റീഫനോട് പറഞ്ഞു. 

ഇതോടെ സഹികെട്ട് സ്റ്റീഫന്‍ തന്‍റെ കൈയിലുണ്ടായിരുന്ന രണ്ട് ഫുള്ളും പൊട്ടിച്ച് മദ്യം പുറത്ത് കളഞ്ഞു. ആരോ സംഭവം മൊബൈലില്‍ പകര്‍ത്തുന്നെന്ന് കണ്ടപ്പോള്‍ ബില്‍ വാങ്ങിവന്നാല്‍ മതി മദ്യം കളയണ്ടെന്നായി പൊലീസ്. പിന്നാലെ നിരപരാധിയാണെന്ന് പൊലീസിന് വ്യക്തമാക്കാന്‍ ബിവറേജില്‍ പോയി ബില്ലും വാങ്ങി സ്റ്റേഷനില്‍ ഹാജരാക്കി. വിനോദ സഞ്ചാരികളോട് ഔചിത്യമില്ലാതെ പെരുമാറിയ പൊലീസിനെതിരെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K