21 December, 2021 07:53:21 PM
കല്ലാട്ടുമുക്ക് റോഡിന്‍റെ പുനർ നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ പൂർത്തിയാക്കും - മന്ത്രി ശിവൻകുട്ടി
തിരുവനന്തപുരം: തിരുവനന്തപുരത്തെ വെള്ളക്കെട്ട് അനുഭവപ്പെടുന്ന കല്ലാട്ടുമുക്ക് റോഡിന്റെ ആദ്യഘട്ട പുനർനിർമാണ പ്രവർത്തനങ്ങൾ ഉടൻ പൂർത്തിയാക്കുമെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. സ്ഥലം സന്ദർശിച്ച് റോഡിന്റെ നിർമാണ പുരോഗതി വിലയിരുത്തിയതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
നഗരത്തിലെ തിരക്കേറിയ റോഡുകളിൽ ഒന്നായ അട്ടക്കുളങ്ങര - കോവളം റോഡിന്റെ ഭാഗമായ ഇവിടെ കുറെ കാലമായി ചെറിയ മഴ പെയ്താൽ പോലും വാഹന സഞ്ചാരം പോലും അസാധ്യമാകുന്ന തരത്തിൽ അതിരൂക്ഷമായ വെള്ളക്കെട്ട് അനുഭവപ്പെടുന്നുണ്ട്. നേമം മണ്ഡലത്തിന്റെ ഭാഗമായ ഇവിടെ തിരഞ്ഞെടുപ്പ് വിജയത്തിനുശേഷം സ്ഥലം എംഎൽഎ കൂടിയായ മന്ത്രി വി ശിവൻകുട്ടിയും പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസും സന്ദർശിച്ച് വെള്ളക്കെട്ടിന് പരിഹാരം കാണുന്നതിനും തകർന്നുപോയ റോഡിന്റെ പുനരുദ്ധാരണത്തിനും പദ്ധതികൾ തയ്യാറാക്കുന്നതിനും പൊതുമരാമത്ത് ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചിരുന്നു.
ഇതേ തുടർന്ന് റോഡിലെ വെള്ളക്കെട്ട് മാറ്റുന്നതിലേക്കായി ഏഴരക്കോടി രൂപയുടെ ഒരു പദ്ധതിയും റോഡ് മികച്ച രീതിയിൽ പുനർനിർമ്മിച്ച് ഇന്റർലോക്ക് ടൈലുകൾ പാകി ഗതാഗത യോഗ്യമാക്കാൻ 25 ലക്ഷം രൂപയുടെ മറ്റൊരു പദ്ധതിയും തയ്യാറാക്കി. ഇതിൽ റോഡ് പുനർനിർമ്മിക്കാനുള്ള പദ്ധതിയുടെ പ്രവർത്തനങ്ങളാണ് പുരോഗമിക്കുന്നത്.
നിലവിലെ പദ്ധതി ഉടൻ പൂർത്തിയാക്കാൻ ആണ് നിർദേശിച്ചിരിക്കുന്നത്. ഏഴരക്കോടി രൂപയുടെ പദ്ധതിയുടെ അനുമതിക്കാനുള്ള നടപടികൾ അതിവേഗം പുരോഗമിക്കുകയാണ്. പ്രസ്തുത അനുമതി ലഭിച്ചാലുടൻ തന്നെ ആ പദ്ധതി നടപ്പാക്കാൻ ആവശ്യമുള്ള നടപടി സ്വീകരിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.