05 December, 2021 08:27:19 PM
ലഹരി പാർട്ടി; സ്ത്രീകൾ ഉൾപ്പടെ 50 പേർ വിഴിഞ്ഞത്തെ റിസോർട്ടിൽ നിന്നും പിടിയിൽ
തിരുവനന്തപുരം: വിഴിഞ്ഞത്ത് ലഹരി പാർട്ടി നടത്തിയ സംഭവത്തിൽ യുവതി ഉൾപ്പടെ 50 പേരെ എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു. എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ സ്റ്റാമ്പ്, എംഡിഎംഎ ഉൾപ്പെടെയുള്ള മാരക മയക്കു മരുന്നുകളും പിടിച്ചെടുത്തിട്ടുണ്ട്. വിഴിഞ്ഞം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കാരക്കാട്ട് റിസോർട്ടിൽ നിന്നാണ് ലഹരി വസ്തുക്കളുമായി സ്ത്രീകൾ ഉൾപ്പെടെ 50 പേരെ കസ്റ്റഡിയിൽ എടുത്തത്. ഇവരെ ചോദ്യം ചെയ്തുവരികയാണെന്ന് എക്സൈസ് വൃത്തങ്ങൾ അറിയിച്ചു.
നിർമ്മാണ മ്യൂസിക് ഫെസ്റ്റ് എന്ന പേരിലായിരുന്നു ഇവർ ഡിജെ പാർട്ടി സംഘടിപ്പിച്ചത്. ആളൊന്നിന് 1000 രൂപ ആയിരുന്നു ഫീസായി ഈടാക്കിയിരുന്നത്. ഇന്നലെയും ഇന്നും ആയിട്ടാണ് പാർട്ടി സംഘടിപ്പിച്ചിരുന്നത്. എക്സൈസ് എൻഫോഴ്സ്മെൻറിന് കിട്ടിയ രഹസ്യവിവരത്തെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. മുഖ്യ പ്രതികൾ ഉൾപ്പെടെ പിടിയിലായിട്ടുണ്ട് എന്നും കൂടുതൽ ചോദ്യം ചെയ്താൽ മാത്രമേ വ്യക്തമായി പറയാൻ കഴിയു എന്ന് എക്സൈസ് അധികൃതർ അറിയിച്ചു.
ആര്യനാട് സ്വദേശി അക്ഷയ് മോഹന്റ നേതൃത്വത്തിലായിരുന്നു ഡിജെ പാർട്ടി സംഘടിപ്പിച്ചത്. ഇയാളെയും സഹായിയായ ഷാൻ പീറ്ററിനെയും എക്സൈസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വാട്സപ്പ് കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ആണ് ഡിജെ പരിപാടി സംഘടിപ്പിച്ചത്.
റിസോർട്ടിൽ മദ്യം വിളമ്പാനുള്ള ലൈസൻസ് ഇല്ലെന്നും, ബോട്ട് മാർഗം മാത്രമേ റിസോർട്ടിൽ എത്താനാവൂ എന്നിരിക്കെ ബോട്ട് സൗകര്യം ഉൾപ്പെടെ ഒരുക്കി നൽകിയ റിസോർട്ട് അധികൃതരുടെ ഉദ്ദേശശുദ്ധിയും സംശയ നിഴലിലാണ്. മുൻപും കഞ്ചാവ് കേസുകളിൽ പ്രതിയായിരുന്നു അക്ഷയ് മോഹൻ. കസ്റ്റഡിയിലെടുത്ത പലരും ലഹരി മയക്കത്തിൽ ആയതിനാൽ ചോദ്യം ചെയ്യലിന് തടസ്സമുണ്ട്.