02 December, 2021 11:42:05 AM
കഞ്ചാവും ചാരായം വാറ്റും: യുവതിയും യുവാവും വാടകവീട്ടിൽ നിന്നും പിടിയിൽ
തിരുവനന്തപുരം: കഞ്ചാവും ചാരായവുമായി രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. കോവളം ആവാടുതുറ പാലസ് ജംഗ്ഷനു സമീപം തുണ്ടുവിളയിൽ രതിൻ (33) കൈതമുക്ക് പനമൂട് വിളാകത്ത് ശോഭ(35) എന്നിവരെയാണ് നർക്കോട്ടിക് സെൽ ടീമിന്റെ സഹായത്തോടെ പൂന്തുറ പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ താമസിക്കുന്ന കമലേശ്വരം ശാന്തി ഗാർഡൻസിലെ വാടകവീട്ടിൽ നിന്നും മൂന്ന് ബാരലുകളിലായി സൂക്ഷിച്ചിരുന്ന 70 ലിറ്റർ വാഷും ഒന്നരക്കിലോയോളം കഞ്ചാവും പോലീസ് പിടിച്ചെടുത്തു.
ചാരായമുണ്ടാക്കാനായി ഉപയോഗിച്ചിരുന്ന എട്ട് പെട്ടി ഈന്തപ്പഴങ്ങളും കണ്ടെടുത്തു. നർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ ഷീൻ തറയിലിനു ലഭിച്ച രഹസ്യ വിവരത്തിനെ തുടർന്ന് ദിവസങ്ങളായി പോലീസ് ഇവരെ നിരീക്ഷിച്ചു വരികയായിരുന്നു. കഴിഞ്ഞ പത്തുമാസമായി ഇവർ വാടക വീട്ടിൽ രഹസ്യമായി ചാരായം വാറ്റുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ഇന്നലെ വൈകുന്നേരം പൂന്തുറ പോലീസും നാര്‍ക്കോട്ടിക് സെല്‍ ടീമും സംയുക്തമായി നടത്തിയ റെയ്ഡിലാണ് പ്രതികള്‍ പിടിയിലായത്. നാര്‍ക്കോട്ടിക് സെല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ ഷീന്‍ തറയില്‍, പൂന്തുറ ഇൻസ്പെക്ടർ ബി.എസ്.സജികുമാർ, എസ്ഐമാരായ വിമൽ, രാഹുൽ, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർമാരായ സുധീർ, ബീനാ ബീഗം, സീനിയർ സിപിഒ ബിജു എന്നിവരും സിറ്റി നാര്‍ക്കോട്ടിക് സെല്‍ ടീം അംഗങ്ങളായ സജി,വിനോദ്, രഞ്ജിത്, അരുണ്‍, ഷിബു എന്നിവരുമടങ്ങിയ സംഘമാണ് റെയ്ഡ് നടത്തി പ്രതികളെ പിടികൂടിയത്.