27 November, 2021 05:54:25 PM
വിദ്യാര്‍ഥിയെ മര്‍ദിച്ച പ്രതിക്ക് സ്റ്റേഷന്‍ ജാമ്യം; മംഗലപുരം എസ്‌ഐയ്ക്ക് സസ്‌പെന്‍ഷന്‍
തിരുവനന്തപുരം: വിദ്യാര്‍ഥിയെ മര്‍ദിച്ചയാളെ സ്റ്റേഷന്‍ ജാമ്യം നല്‍കി വിട്ടയച്ചതിന് തിരുവനന്തപുരം മംഗലപുരം എസ്‌ഐയ്ക്ക് സസ്‌പെന്‍ഷന്‍. എസ്‌ഐ വി തുളസീധരന്‍ നായര്‍ക്കെതിരെയാണ് നടപടി. എസ്.ഐക്കെതിരേ വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടുണ്ട്. എസ്‌ഐ തുളസീധരന്‍ നായര്‍ ഗുരുതര വീഴ്ച വരുത്തിയെന്നായിരുന്നു സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്. ഇതിനു പിന്നാലെയാണ് തുളസീധരന്‍ നായരെ സസ്‌പെന്‍ഡ് ചെയ്തുള്ള ഉത്തരവിറങ്ങിയത്.
ദിവസങ്ങള്‍ക്ക് മുന്‍പാണ് വിദ്യാര്‍ത്ഥിയായ അനസിനെ കണിയാപുരം മസ്താന്‍ മുക്കില്‍ വെച്ച് നിരവധി കേസില്‍ പ്രതിയായ ഗുണ്ടാ നേതാവ് ഫൈസല്‍ ഭീകരമായി മര്‍ദിച്ചത്. സിസിടിവി ദൃശ്യങ്ങളടക്കം തെളിവുണ്ടായിട്ടും പ്രതിയായ ഫൈസലിനെതിരെ ദുര്‍ബലമായ വകുപ്പുകള്‍ ചുമത്തി മംഗലപുരം പൊലിസ് ജാമ്യത്തില്‍ വിടുകയായിരുന്നു.
വധശ്രമ കേസില്‍ പോലീസ് തെരയുന്ന പ്രതിയായിട്ട് കൂടിയാണ് ഫൈസല്‍ പോലീസ് സ്റ്റേഷനില്‍ ഹാജരായി ജാമ്യമെടുത്ത് പുറത്തിറങ്ങിയത്. ഫൈസലിന്‍റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം വഴിയില്‍ വച്ച് അനസിനെ തടഞ്ഞ് ബൈക്കിന്റെ താക്കോല്‍ ഊരിയെടുത്തത് ചോദ്യംചെയ്ത അനസിനെ മദ്യലഹരിയിലായിരുന്ന സംഘം മര്‍ദിക്കുകയായിരുന്നു. മര്‍ദനമേറ്റ് വീണപ്പോള്‍ നിലത്തിട്ടു ചവിട്ടി. മതിലിനോട് ചേര്‍ത്ത് വച്ച് ഇടിച്ചും 15 മിനിറ്റോളം ക്രൂരത തുടര്‍ന്നു.