20 November, 2021 12:56:17 PM
അമ്മൂമ്മയ്ക്ക് കൂട്ടിരിക്കാനെത്തി മര്‍ദ്ദനം ഏറ്റുവാങ്ങി; അവസാനം അമ്മൂമ്മയും വിട്ടുപിരിഞ്ഞു
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സെക്യൂരിറ്റി ജീവനക്കാരുടെ മർദ്ദനത്തിനിരയായ അരുൺ ദേവിന്‍റെ അമ്മൂമ്മ ജനമ്മാൾ (75) മരിച്ചു. ജനമ്മാളിന് കൂട്ടിരിക്കാനാണ് അരുൺദേവ് മെഡിക്കൽ കോളേജിലെത്തിയതും സുരക്ഷാ ജീവനക്കാരുടെ ക്രൂരമർദ്ദനത്തിനിരയായതും.
അമ്മൂമ്മയ്ക്ക് കൂട്ടിരിക്കാന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിയ അരുണ്‍ദേവിനെ സെക്യൂരിറ്റി ജീവനക്കാർ ക്രൂരമായി മര്‍ദിച്ചത് വെള്ളിയാഴ്ച രാവിലെയായിരുന്നു. അരുൺദേവിൽ നിന്ന് സെക്യൂരിറ്റി ജീവനക്കാര്‍ വാങ്ങിയ പാസ് തിരികെ കൊടുക്കാത്തത് ചോദ്യം ചെയ്തതാണ് പ്രകോപന കാരണം. സെക്യൂരിറ്റി ജീവനക്കാര്‍ സംഘം ചേർന്നാണ് അരുണിനെ മർദ്ദിച്ചത്. അകത്തേക്ക് വലിച്ച് കൊണ്ടുപോയി, ഗേറ്റ് പൂട്ടിയിട്ട് അടിക്കുകയും ചവിട്ടുകയും ചെയ്തു. സംഭവം മൊബൈലിൽ ചിത്രീകരിച്ചയാളെയും ആക്രമിക്കാൻ ശ്രമിച്ചു.
സംഭവത്തില്‍ രണ്ടുപേരെ ഇന്ന് പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സ്വകാര്യ സുരക്ഷാ ഏജന്‍സി ജീവനക്കാരായ വിഷ്ണു, രതീഷ് എന്നിവരാണ് മെഡിക്കല്‍ കോളേജ് പോലീസിന്‍റെ പിടിയിലായത്. സതീശന്‍ എന്നയാളെ ഇനി പിടികൂടാനുണ്ട്. ആരോഗ്യമന്ത്രി വീണാ ജോര്‍ജ് സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിരുന്നു. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തുന്നവരോട് വളരെ മോശമായി പെരുമാറുകയും മര്‍ദിക്കുകയും ചെയ്യുന്ന ചില സുരക്ഷാ ജീവനക്കാര്‍ നിരന്തരമായി പ്രശ്നങ്ങളുണ്ടാക്കുന്നുണ്ടെന്ന് പോലീസും സമ്മതിക്കുന്നു.