20 November, 2021 11:47:12 AM
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ മർദ്ദനം; രണ്ട് സെക്യൂരിറ്റി ജീവനക്കാർ അറസ്റ്റിൽ
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രോഗിയുടെ കൂട്ടിരിപ്പുകാരനെ സെക്യൂരിറ്റി ജീവനക്കാർ സംഘം ചേർന്ന് മർദ്ദിച്ചകേസിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തു. സെക്യൂരിറ്റി ജീവനക്കാരായ വിഷ്ണു, രതീഷ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മറ്റൊരു സെക്യൂരിറ്റി ജീവനക്കാരനായ സതീശനെയാണ് ഇനി പിടികൂടാനുള്ളത്. വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം.
ചിറയൻകീഴ് സ്വദേശി അരുൺദേവിനെയാണ് സെക്യൂരിറ്റി ജീവനക്കാർ സംഘം ചേർന്ന് മർദ്ദിച്ചത്. അരുൺ ദേവിന്റെ അമ്മുമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൂട്ടിരിക്കാൻ വന്ന അരുൺദേവിൽ നിന്ന് സെക്യൂരിറ്റി പാസ് വാങ്ങി. തിരികെ തരാത്തത് ചോദ്യം ചെയ്തതിനിടെയാണ് മൂന്ന് പേർ മർദ്ദിച്ചതെന്ന് അരുൺദേവ് പറഞ്ഞു. അകത്തേക്ക് വലിച്ച് കൊണ്ടുപോയി ഗേറ്റ് പൂട്ടിയിട്ട് മർദ്ദിക്കുകയായിരുന്നു. സ്ഥലത്തുണ്ടായിരുന്ന ആൾ ഇത് മൊബൈലിൽ ചിത്രീകരിച്ചതോടെ സെക്യൂരിറ്റി ജീവനക്കാർ ഇയാളെയും ആക്രമിക്കാൻ ശ്രമിച്ചു.
വലിച്ചിഴച്ച് കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നതോടെയാണ് ഇവർ കുടുങ്ങിയത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ആരോഗ്യവകുപ്പ് മന്ത്രി ഉത്തരവിട്ടിരുന്നു. ഒരാഴ്ചക്കിടെ ഇത് രണ്ടാമത്തെ സംഭവമാണ്. സൂപ്പർസെഷ്യാലിറ്റി ആശുപത്രിയിലെ രോഗിയുടെ കൂട്ടിരിപ്പുകാരനെ മർദ്ദിച്ചുവെന്ന പരാതിയിൽ സെക്യൂരിറ്റി ജീവനക്കാരനെതിരെ കേസ് എടുത്തിരുന്നു.