18 November, 2021 02:10:53 PM
വിദ്യാർഥിയുടെ ജീവനെടുത്തത് ഓൺലൈൻ ഗെയിമോ; വിശദ പരിശോധനയ്ക്ക് പോലീസ്
തിരുവനന്തപുരം: മുടപുരത്ത് പതിനാലു വയസുകാരൻ തൂങ്ങിമരിച്ച സംഭവം ഓണ്‍ലൈൻ ഗെയിം കാരണമാണെന്ന മാതാപിതാക്കളുടെ സംശയത്തെതുടർന്ന് പോലീസ് അന്വേഷണം ഊർജിതമാക്കി. കുട്ടി ഉപയോഗിച്ചിരുന്ന മൊബൈൽ ഫോണ്‍ വിശദമായ പരിശോധനക്ക് ഇന്ന് സൈബർ സെല്ലിന് കൈമാറും. മുടപുരം കല്ലുവിളാകം വീട്ടിൽ ഷാനവാസ്-സജീന ദന്പതികളുടെ മകനും കൂന്തള്ളൂർ പ്രേംനസീർ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിയുമായ സാബിത് മുഹമ്മദ് (14) ന്റെ മരണമാണ് ഓണ്‍ലൈൻ ഗെയിം കാരണമാണെന്ന് മാതാപിതാക്കൾ സംശയം പ്രകടിപ്പിച്ചത്.
ഈ മാസം എട്ടാം തീയതി വൈകുന്നേരമാണ് കുട്ടിയെ കിടപ്പുമുറിയിലെ ജനലിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഓണ്‍ലൈൻ ഗെയിം കാരണമാണ് ജീവനൊടുക്കിയതെന്ന സംശയത്തെ തുടർന്നാണ് കുട്ടി ഉപയോഗിച്ചിരുന്ന മൊബൈൽ ഫോണ്‍ വിശദ പരിശോധനയ്ക്ക് സൈബർ സെല്ലിന് കൈമാറുന്നതെന്ന് പോലീസ് വ്യക്തമാക്കി. നേരത്തെ ഫോണ്‍ പരിശോധിച്ചപ്പോൾ സംശയകരമായി ഒന്നും കണ്ടെത്തിയിരുന്നില്ല. എന്നാൽ ഫോണിൽ കാൽക്കുലേറ്റർ ഫോൾഡറിൽ ഗെയിമുകൾ ഇൻസ്റ്റാൾ ചെയ്തിരുന്നുവെന്ന് കുട്ടിയുടെ മാതാപിതാക്കൾ സംശയം പ്രകടിപ്പിച്ചതിനെ തുടർന്നാണ് വിശദ പരിശോധന നടത്തുന്നത്.
മരിച്ച കുട്ടിയുടെ സഹോദരനാണ് ചേട്ടൻ ഗെയിം കളിച്ചിരുന്നുവെന്ന വിവരം പിതാവിനോട് പറഞ്ഞത്. മാതാവ് സജീനയുടെ മൊബൈൽ ഫോണ്‍ കുട്ടിയുടെ ഓണ്‍ലൈൻ പഠനത്തിന് ഉപയോഗിക്കുന്ന സമയത്തായിരുന്നു ഗെയിം കളിച്ചിരുന്നതെന്നാണ് വീട്ടുകാർ പോലീസിൽ നൽകിയ മൊഴി. കുട്ടിയുടെ മരണത്തിൽ സംശയകരമായ ഒന്നും കണ്ടെത്തിയിട്ടില്ലെന്നാണ് പോലീസ് ഇതുവരെ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത്. മൃതദേഹം കണ്ടെത്തുമ്പോൾ മുറി അകത്തുനിന്നും കുറ്റിയിട്ട നിലയിലായിരുന്നു.