13 October, 2021 09:04:09 AM
നികുതിപ്പണം തട്ടിപ്പ്: തിരുവനന്തപുരം നഗരസഭാ ജീവനക്കാരൻ കല്ലറയിൽ അറസ്റ്റിൽ
തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിൽ നികുതിപ്പണം ഉദ്യോഗസ്ഥർ തട്ടിയെടുത്ത കേസിൽ ഒരാൾ അറസ്റ്റിൽ. ശ്രീകാര്യം സോണൽ ഓഫീസിലെ അറ്റൻഡന്റ് ബിജുവാണ് അറസ്റ്റിലായത്. ബുധനാഴ്ച പുലർച്ചെ കല്ലറയിൽനിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സോണൽ ഓഫീസിൽ അടക്കുന്ന കരം ബാങ്കിലടക്കാതെ ഉദ്യോഗസ്ഥർ ക്രമക്കേട് നടത്തിയെന്നാണ് കേസ്. തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയ അഞ്ച് ഉദ്യോഗസ്ഥരെ ഇതുവരെ സസ്പെൻഡ് ചെയ്തിട്ടുണ്ട്.
നേമം സോണിൽ മാത്രം 25 ലക്ഷം രൂപയുടെ ക്രമക്കേട് നടന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. സൂപ്രണ്ട് എസ്.ശാന്തിയടക്കമുള്ളവരെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. ശാന്തിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. ശാന്തിയും കാഷ്യറും ചേർന്ന് 26.7 ലക്ഷം രൂപയാണ് നേമം സോണിൽ നിന്ന് തട്ടിയെടുത്തത്. ആറ്റിപ്ര സോണിൽ ഒരു ലക്ഷം രൂപയുടെ ക്രമക്കേട് നടന്നുവെന്നാണ് ഇതുവരെയുള്ള വിവരം. ഇവിടെ ഒരുദ്യോഗസ്ഥനെയാണ് സസ്പെൻഡ് ചെയ്തത്.