23 September, 2021 11:00:21 AM
കരിപ്പൂർ മയക്കുമരുന്നു വേട്ട: ചോദ്യം ചെയ്യലിനോട് സഹകരിക്കാതെ വിദേശ വനിത
കോഴിക്കോട്: ചോദ്യം ചെയ്യലിനോട് സഹകരിക്കാതെ കരിപ്പൂർ വിമാനത്താവളത്തിൽനിന്നും ഹെറോയിനുമായി പിടിയിലായ വിദേശ വനിത. അന്താരാഷ്ട്ര വിപണിയിൽ 32 കോടി രൂപ വിലമതിക്കുന്ന ഹെറോയിനാണ് ആഫ്രിക്കൻ രാജ്യമായ സാംബിയ സ്വദേശിനി ബിശാലോ സോക്കോയിൽനിന്നും പിടികൂടിയത്. അഞ്ചു കിലോഗ്രാം ഹെറോയിനാണ് ഡിആർഐ സംഘം ഇവരിൽനിന്നും പിടികൂടിയത്.
ബുധാഴ്ച പുലർച്ചെ 2.25ന് ദോഹയിൽ നിന്നുള്ള ഖത്തർ എയർവേസ് വിമാനത്തിലാണ് ഇവർ കരിപ്പൂരിലെത്തിയത്. ദക്ഷിണാഫ്രിക്കൻ നഗരമായ കേപ്ടൗണ്‍ വഴിയാണ് ഇവർ ദോഹയിലെത്തിയത്. ഇവരുടെ ബാഗേജിനകത്തായിരുന്നു പാക്കറ്റുകളിലാക്കി ഹെറോയിൻ ഒളിപ്പിച്ചത്. മുൻകൂട്ടി വിവരം ലഭിച്ചതിനെ തുടർന്ന് കോഴിക്കോട് നിന്നെത്തിയ ഡിആർഐ സംഘം യുവതിയെ കസ്റ്റഡിയിലെടുത്ത് പരിശോധന നടത്തിയപ്പോഴാണ് ലഹരിമരുന്ന് കണ്ടെത്തിയത്.
കോഴിക്കോടുള്ള ഒരു ഏജന്റിനു കൈമാറാനാണ് മയക്കുമരുന്ന് കൊണ്ടുവന്നതെന്ന് യുവതി ചോദ്യം ചെയ്യലിൽ പറഞ്ഞു. ചരിത്രത്തിൽ ആദ്യമായാണ് ഇത്രയും വലിയ ലഹരിമരുന്നു വേട്ട നടക്കുന്നത്.