12 October, 2023 05:51:25 PM
കൈക്കൂലി വാങ്ങുന്നതിനിടെ റവന്യു ഉദ്യോഗസ്ഥന്‍ രണ്ടാമതും വിജിലൻസ് പിടിയിൽ
കോഴിക്കോട്: കൈക്കൂലി വാങ്ങുന്നതിനിടയിൽ ക്ലാർക്ക് രണ്ടാമതും വിജിലൻസ് പിടിയിൽ കോഴിക്കോട് കൊയിലാണ്ടി ദേശീയപാത ഭൂമി ഏറ്റെടുക്കൽ സ്പെഷ്യൽ തഹസീൽദാറുടെ കാര്യാലയത്തിലെ ക്ലാർക്കായ പി.ഡി ടോമിയെയാണ് 86000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയിൽ ഇന്ന് വിജിലൻസ് കൈയോടെ പിടികൂടിയത്.
പരാതിക്കാരന്‍റെ അമ്മയുടെ പേരിൽ കോഴിക്കോട് തിരുവങ്ങൂരിൽ ഉണ്ടായിരുന്ന ഏഴ് സെന്‍റ് വസ്തുവും വീടും ദേശീയ പാത വികസനത്തിന് വേണ്ടി സർക്കാർ ഏറ്റെടുത്തിരുന്നു. നഷ്ടപരിഹാരത്തുക ഒരു വർഷം മുമ്പ് ലഭിച്ചു. തുടർന്ന് ദേശീയപാത വികസനത്തിന് വേണ്ടി വീട് നഷ്ടപ്പെട്ടവർക്ക് സംസ്ഥാന സർക്കാർ നൽകി വരുന്ന പുനരധിവാസ ഫണ്ടിൽ നിന്നും പരാതിക്കാരന്‍റെ അമ്മയ്ക്ക് അനുവദിച്ചിരുന്ന 2,86,000/- രൂപയ്ക്ക് വേണ്ടി ബന്ധപ്പെട്ട രേഖകൾ സഹിതം പരാതിക്കാരൻ ഒരു മാസം മുമ്പ് സ്പെഷ്യൽ തഹസിൽദാറുടെ കാര്യാലയത്തിലെത്തിയിരുന്നു.
പരാതിക്കാരനോട് നടപടികൾ ത്വരിത ഗതിയിലാക്കുന്നതിനും തുക അനുവദിക്കുന്നതിനുമായി ക്ലാർക്കായ ടോമി 86,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസങ്ങളില്‍ ഫോണിൽ ബന്ധപ്പെട്ട് നിരന്തരം കൈക്കൂലി ആവശ്യപ്പെടുകയും ചെയ്തു. പരാതിക്കാരൻ വിജിലൻസ് കോഴിക്കോട് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ഇ. സുനിൽകുമാറിനെ വിവരം അറിയിച്ചതനുസരിച്ച് വിജിലൻസ് സംഘം കെണിയൊരുക്കി. ഇന്ന് ഉച്ചയ്ക്ക് 1.30 മണിയോടെ കൊയിലാണ്ടി സ്പെഷ്യൽ തഹസിൽദാറുടെ കാര്യാലയത്തിന് സമീപത്തുള്ള ജൂസ് കടയിൽ വച്ച് പരാതിക്കാരനിൽ നിന്നും 70,000 രൂപയുടെ ചെക്കും 16,000 രൂപയും ഉൾപ്പെടെ 86,000 രൂപ കൈപ്പറ്റവേ ടോമിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ തലശ്ശേരി വിജിലൻസ് കോടതിയിൽ ഹാജരാക്കും.
2017ൽ കോഴിക്കോട് കോടഞ്ചേരി വില്ലേജ് ഓഫീസിൽ വില്ലേജ് അസിസ്റ്റന്‍റായി ജോലി നോക്കി വന്നിരുന്ന കാലത്തും 21 സെന്‍റ് ഭൂമിയുടെ പോക്കുവരവ് സർട്ടിഫിക്കറ്റ് നൽകുന്നതിലേയ്ക്ക് 2000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയിൽ ടോമിയെ വിജിലൻസ് പിടികൂടിയിരുന്നു. ഈ കേസ് നിലവിൽ കേഴിക്കോട് വിജിലൻസ് കോടതിയില്‍ വിചാരണയിലിരിക്കുകയാണ്.
വിജിലൻസ് സംഘത്തിൽ ഡി.വൈ.എസ്.പിയെ കൂടാതെ പോലീസ് ഇൻസ്പെക്ടറായ സരിൻ.എ.സ്, സബ് ഇൻസ്പെക്ടർമാരായ സുനിൽ, രാധാകൃഷ്ണൻ, ഹരീഷ് കുമാർ എന്നിവരും പോലീസ് ഉദ്യോഗസ്ഥരായ അനിൽകുമാർ, ബിനു, റിനു, റിനീഷ് കുമാർ, അബ്ദുൾ സലാം എന്നിവരും ഉണ്ടായിരുന്നു.