30 September, 2023 12:01:19 PM


സഹോദരന്‍റെ ലൈംഗിക പീഡനത്തിനിരയായ പ്ലസ് ടു വിദ്യാര്‍ഥിനിയെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി



കോഴിക്കോട്: പുതുപ്പാടിയിൽ സഹോദരൻ നിരന്തരമായി ലൈംഗിക പീഡനത്തിന് ഇരയാക്കിയ പെണ്‍കുട്ടിയെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ സംരക്ഷണത്തിലേക്ക് മാറ്റി. പുതുപ്പാടി പഞ്ചായത്ത് പരിധിയില്‍ വാടകയ്ക്ക് താമസിക്കുന്ന കുടുംബത്തിലെ 17 കാരിയുടെ പരാതിയിൽ 19 കാരനെ ഇന്നലെ താമരശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അശ്ലീല വീഡിയോകള്‍ കാണിച്ച് കൊടുത്തുവെന്നും വീട്ടില്‍ വെച്ച് ലൈംഗിക പീഡനത്തിനിരയാക്കിയെന്നുമാണ് പ്ലസ് ടു വിദ്യാര്‍ഥിനിയായ 17 കാരി മൊഴി നല്‍കിയത്.

പെണ്‍കുട്ടിയുടെ സുഹൃത്തിനെ വിളിക്കാന്‍ ഫോണ്‍ നല്‍കണമെങ്കില്‍ ശാരീരിക ബന്ധത്തിന് വഴങ്ങാന്‍ നിര്‍ബന്ധിച്ചുവെന്നാണ് പരാതി.  കൂട്ടുകാരിയോടാണ് പെണ്‍കുട്ടി വിവരം തുറന്നു പറഞ്ഞത്. തുടര്‍ന്ന് അധ്യാപികയെ അറിയിക്കുകയും വിവരം ചൈല്‍ഡ് ലൈനിന് കൈമാറുകയുമായിരുന്നു. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയും താമരശ്ശേരി പൊലീസിന് കൈമാറുകയും ചെയ്തു. തുടര്‍ന്നാണ് പോക്‌സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരം പൊലീസ് കേസെടുത്തത്.

ജുവൈനല്‍ ജസ്റ്റിസ് ഉള്‍പ്പെടെയുള്ള വകുപ്പുകളും പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്. പ്രതിയെ താമരശ്ശേരി കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു. പെണ്‍കുട്ടിയെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജറാക്കി രഹസ്യ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. 

എന്നാല്‍ മകളുടെ പരാതി വ്യാജമാണെന്നും വര്‍ഷങ്ങള്‍ക്ക് മുന്‍പ് അച്ഛന്‍ മരിച്ചതിനാല്‍ മകനാണ് കുടുംബത്തെ സംരക്ഷിക്കുന്നതെന്നും അമ്മ പറഞ്ഞു. മകളെ ഏറ്റെടുക്കാൻ തയ്യാറല്ലെന്ന് അമ്മ പൊലീസിനെ അറിയിക്കുകയായിരുന്നു. തുടർന്നാണ് ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ സംരക്ഷണത്തിലേക്ക് മാറ്റിയത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K