28 September, 2023 11:37:18 AM


പുല്‍പ്പള്ളി സഹകരണ ബാങ്കിലെ 8 കോടിയുടെ തട്ടിപ്പ്; സജീവന്‍ കൊല്ലപ്പള്ളിയെ ഇഡി അറസ്റ്റ് ചെയ്തു



കോഴിക്കോട്: പുൽപ്പള്ളി സർവിസ് സഹകരണ ബാങ്ക് വായ്പ തട്ടിപ്പുമായി ബന്ധപ്പെട്ട് സജീവൻ കൊല്ലപ്പള്ളിയെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇ ഡി) അറസ്റ്റ് ചെയ്തു. വായ്പാ തട്ടിപ്പിന് ഇടനിലക്കാരനായിനിന്ന് സജീവൻ കള്ളപ്പണം വെളുപ്പിച്ചെന്ന കേസിലാണ് പിടിയിലായത്. 

ചോദ്യം ചെയ്യാനായി സജീവന്‍ കൊല്ലപ്പള്ളിയെ ഇന്നലെ ഇഡി കോഴിക്കോട് ഓഫീസിലേക്ക് വിളിച്ചുവരുത്തിയിരുന്നു. വൈകുന്നേരം ആറു മണിയോടെ അറസ്റ്റ് രേഖപ്പെടുത്തി. കോഴിക്കോട് പിഎംഎല്‍എ സ്‌പെഷ്യല്‍ കോടതിയില്‍ ഹാജരാക്കിയ സജീവനെ മൂന്നു ദിവസത്തേക്ക് ഇഡി കസ്റ്റഡിയില്‍ വിട്ടു.

മുൻ സേവാദൾ നേതാവാണ് സജീവൻ. 2016-17 കാലയളവില്‍ പുല്‍പ്പള്ളി സഹകരണ ബാങ്കില്‍ നിന്ന് അന്നത്തെ ഭരണസമിതി എട്ടുകോടി രൂപയുടെ വായ്പ്പാ തട്ടിപ്പ് നടത്തി എന്നാണ് ഇ ഡി കണ്ടെത്തല്‍. 2023 ജൂണ്‍ 9നാണ് ഇഡി കേസ് ഏറ്റെടുത്തത്. കോണ്‍ഗ്രസ് നേതാവ് കെകെ എബ്രഹാമിന്റെ വീട്ടില്‍ അടക്കം ഇഡി പരിശോധന നടത്തിയിരുന്നു.

നേരത്തെ, പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ സജീവനെ ബത്തേരി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വായപ്പാ തട്ടിപ്പിനിരയായ പറമ്പേക്കാട്ട് ഡാനിയലിന്‍റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. ഈ പരാതിയില്‍ ബാങ്ക് മുന്‍ പ്രസിഡന്റ് കെ കെ എബ്രഹാം, മുന്‍ സെക്രട്ടറി കെ ടി രമാദേവി, ബാങ്ക് മുന്‍ ഡയറക്ടറും കോണ്‍ഗ്രസ് പുല്‍പള്ളി മണ്ഡലം പ്രസിഡന്‍റുമായ വി എം പൗലോസ് എന്നിവരെ പുല്‍പള്ളി പൊലീസ് അറസ്റ്റു ചെയ്തിരുന്നു. ഇവർ അടക്കം 10 പേരാണ് വായ്പാ തട്ടിപ്പ് കേസിലെ പ്രതികൾ. തുച്ഛമായ വിലയുള്ള ഭൂമിക്ക് ബിനാമി വായ്പകൾ അനുവദിച്ച് കോടികൾ തട്ടി എന്നാണ് കേസ്.

പുൽപ്പള്ളി കേളക്കവല ചെമ്പകമൂല സ്വദേശി രാജേന്ദ്രൻ നായർ ജീവനൊടുക്കിയ സംഭവത്തിന് പിന്നാലെയാണ് എബ്രഹാമിനെയുൾപ്പെടെ അറസ്റ്റ് ചെയ്തത്. ആത്മഹത്യ ചെയ്ത രാജേന്ദ്രൻ നായർ 25 ലക്ഷം രൂപ വായ്പയെടുത്തെന്നാണ് ബാങ്ക് രേഖ. എന്നാൽ, 80,000 രൂപ മാത്രമാണ് ലഭിച്ചതെന്ന് ബന്ധുക്കൾ പൊലീസിന് മൊഴിനൽകിയിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K