27 September, 2023 12:35:26 PM
വിവാഹത്തിൽനിന്ന് പിന്മാറിയ 17 കാരിയെ നടുറോഡിലിട്ട് കുത്തി 28 കാരൻ
കോഴിക്കോട്: വിവാഹത്തിൽനിന്ന് പിൻവാങ്ങിയതിന്‍റെ വിരോധത്തിൽ നടുറോഡിൽ വെച്ച് 17 കാരിയെ കുത്തി പരിക്കേൽപ്പിച്ച യുവാവ് അറസ്റ്റിലായി. വാണിമേൽ നിടുംപറമ്പ് നടുത്തറേമ്മൽ കോട്ട അർഷാദിനെ (28)യാണ് നാദാപുരം പൊലീസ് അറസ്റ്റുചെയ്തത്.
ഇന്നലെ ഉച്ചയ്ക്ക് രണ്ടുമണിയോടെ കല്ലാച്ചി പഴയ മാർക്കറ്റ് റോഡിലാണ് സംഭവം. അർഷാദ് പെൺകുട്ടിയെ വഴിയില്‍ തടഞ്ഞ് മൂന്നുതവണ അടിക്കുകയും കയ്യിൽ കരുതിയ കത്തികൊണ്ട് കുത്തുകയുമായിരുന്നു. അതിക്രമം കണ്ട് മാർക്കറ്റിൽ കച്ചവടം ചെയ്യുന്നവരാണ് ഓടിക്കൂടി പെൺകുട്ടിയെ രക്ഷിച്ചത്.
അക്രമത്തിൽ കൈക്ക് പരിക്ക് പറ്റിയ പെൺകുട്ടിയെ നാദാപുരം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തടഞ്ഞുനിർത്തുന്നതിനിടെ കല്ലാച്ചി പി.പി. സ്റ്റോർ ഉടമ പി.പി. അഫ്സലി(45)നും കുത്തേറ്റ് കൈയ്ക്ക് പരിക്കേറ്റിട്ടുണ്ട്. വിദ്യാർഥിനിയായ പതിനേഴുവയസ്സുകാരിയെ ക്ലാസ് കഴിഞ്ഞ് വീട്ടിലേക്കുപോകുന്ന വഴിയിലാണ് അർഷാദ് അക്രമിച്ചത്.