28 October, 2023 05:15:38 PM


സുരേഷ് ഗോപിക്കെതിരെ മാധ്യമ പ്രവര്‍ത്തക ഷിദ ജഗത് പരാതി നല്‍കി



കോഴിക്കോട്: അപമര്യാദയായി പെരുമാറിയെന്ന ആരോപണവുമായി സുരേഷ് ഗോപിക്കെതിരെ മീഡിയവണ്‍ മാധ്യമ പ്രവര്‍ത്തക ഷിദ ജഗത് പരാതി നല്‍കി. കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ക്കാണ് പരാതി നല്‍കിയത്. സ്ത്രീത്വത്തെ അപമാനിക്കുകയും മോശം ഉദ്ദേശത്തോടെ പെരുമാറുകയും ചെയ്തുവെന്നും സുരേഷ് ഗോപിക്കെതിരെ കേസെടുക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നുണ്ട്.


നടക്കാവ് സ്റ്റേഷൻ പരിധിയില്‍ സംഭവം നടന്നതിനാല്‍ കമ്മീഷണര്‍ പരാതി നടക്കാവ് പൊലീസിന് കൈമാറിയതായി അറിയിച്ചു. സംഭവത്തില്‍ ഇന്നലെ തന്നെ നിയമ നടപടി സ്വീകരിക്കുമെന്ന് ഷിദ ജഗത് വ്യക്തമാക്കിയിരുന്നു. ഇന്നലെ കോഴിക്കോടു വെച്ച്‌ മാധ്യമങ്ങളെ കാണുന്നതിനിടെ സുരേഷ് ഗോപി മീഡിയവണ്‍ കോഴിക്കോട് ബ്യൂറോയിലെ സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റ് ഷിദ ജഗതിനോട് മോശമായി പെരുമാറിയെന്നാണ് ആരോപണം.


ചോദ്യം ചോദിച്ച മാധ്യമ പ്രവര്‍ത്തകയുടെ തോളില്‍ വെച്ച കൈ അവര്‍ അപ്പോള്‍ തന്നെ തട്ടിമാറ്റിയിരുന്നു. നിയമ നടപടി ഉള്‍പ്പെടെ എല്ലാ തുടര്‍ നീക്കങ്ങള്‍ക്കും മീഡിയവണിൻറെ എല്ലാ പിന്തുണയും നല്‍കുമെന്ന് മാനേജിങ് എഡിറ്റര്‍ സി.ദാവൂദ് അറിയിച്ചു. സുരേഷ് ഗോപിക്കെതിരെ വനിതാ കമ്മീഷനില്‍ പരാതി നല്കുമെന്നും സുരേഷ് ഗോപി മാപ്പ് പറയണമെന്നും കേരള പത്രപ്രവര്‍ത്തക യൂണിയൻ ആവശ്യപ്പെട്ടു. അതേസമയം തന്റെ ഇടപെടൽ അപമര്യാദ ആയാണ് മാധ്യമ പ്രവർത്തകക്ക് തോന്നിയതെങ്കിൽ താൻ മാപ്പ് ചോദിക്കുന്നതായി സുരേഷ് ഗോപി പിന്നീട് വ്യക്തമാക്കിയിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K