23 November, 2023 06:48:35 AM


താമരശേരി ചുരത്തില്‍ കാര്‍ കൊക്കയിലേയ്ക്ക് മറിഞ്ഞു: ഒരു മരണം; 8 പേർക്ക് പരിക്ക്



കോഴിക്കോട്: താമരശേരി ചുരത്തില്‍ കാര്‍ കൊക്കയിലേയ്ക്ക് മറിഞ്ഞ് ഒരു മരണം. മാവൂര്‍ സ്വദേശി റഷീദയാണ് മരിച്ചത്. പരിക്കേറ്റ എട്ട് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ചുരത്തിന് ഒന്നാം വളവിനും രണ്ടാം വളവിനും ഇടയില്‍ കാര്‍ കൊക്കയിലേയ്ക്ക് മറിയുകയായിരുന്നു. വയനാട്ട് നിന്ന് കോഴിക്കോട് ഭാഗത്തേയ്ക്കു വരികയായിരുന്ന ഇന്നോവ കാറാണ് അപകടത്തില്‍പ്പെട്ടത്. കാറില്‍ കുട്ടികളും ഉണ്ടായിരുന്നു.


രാത്രി 9.30യോടെ ചുരം രണ്ടാം വളവിന് താഴെയാണ് അപകടമുണ്ടായത്. കാറിന് മുകളില്‍ പന മറിഞ്ഞു വീണതാണ് രക്ഷാപ്രവര്‍ത്തനം വൈകാന്‍ കാരണമായത്. വയനാട് മുട്ടില്‍ പരിയാരം വീട്ടില്‍ മരക്കാരും കുടുംബവുമാണ് കാറിലുണ്ടായിരുന്നത്.


കാറിന്റെ ഡോറുകള്‍ തുറക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് മുക്കത്ത് നിന്നും കല്‍പ്പറ്റയില്‍ നിന്നും അഗ്‌നിശമന സേനയുടെ യൂണിറ്റുകള്‍ സ്ഥലത്തെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പൊലീസും ചുരം സംരക്ഷണ സന്നദ്ധ പ്രവര്‍ത്തകരും സ്ഥലത്തെത്തി. കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് മടങ്ങിയവരുടെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. പരുക്കേറ്റ രണ്ട് കുട്ടികളെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K