22 September, 2021 12:18:11 PM
ഹർജി തള്ളി; പത്മനാഭസ്വാമി ക്ഷേത്ര ട്രസ്റ്റിൽ ഓഡിറ്റിംഗ് വേണമെന്ന് സുപ്രീംകോടതി
ന്യൂഡൽഹി: ശ്രീ പത്മനാഭസ്വാമി ക്ഷേത്ര ട്രസ്റ്റിൽ ഓഡിറ്റിംഗ് വേണമെന്ന് സുപ്രീംകോടതി. ക്ഷേത്രം ട്രസ്റ്റ് നൽകിയ ഹർജിയും സുപ്രീംകോടതി തള്ളി. മൂന്ന് മാസത്തിനുള്ളിൽ ഓഡിറ്റ് പൂർത്തിയാക്കണമെന്നും കോടതി ഉത്തരവിട്ടു. പ്രത്യേക ഓഡിറ്റിംഗിൽനിന്ന് ഒഴിവാക്കണമെന്ന പത്മനാഭസ്വാമി ക്ഷേത്രം ട്രസ്റ്റിന്റെ ആവശ്യമാണ് കോടതി തള്ളിയത്.
ജസ്റ്റീസ് യു.യു. ലളിത് അധ്യക്ഷനായ ബെഞ്ചിന്റേതാണ് വിധി. 25 വർഷത്തെ വരവ് ചെലവ് കണക്ക് വ്യക്തമാക്കണമെന്നാണ് കോടതി ഉത്തരവ്. ട്രസ്റ്റിനെ ഓഡിറ്റിംഗിൽ നിന്ന് ഒഴിവാക്കാനാകില്ലെന്നും, ക്ഷേത്രത്തിന്റെ ദൈനംദിന ചെലവുകൾ കൂടി വഹിക്കാൻ ട്രസ്റ്റിന് നിർദേശം നൽകണമെന്നും ഭരണസമിതി ആവശ്യപ്പെട്ടിരുന്നു. ക്ഷേത്രം കടുത്ത സാന്പത്തിക പ്രതിസന്ധിയിലെന്നും, സംസ്ഥാന സർക്കാരിന്റെ ധനസഹായം അനിവാര്യമെന്നും ഭരണസമിതി വ്യക്തമാക്കിയിരുന്നു.
പ്രത്യേക ഓഡിറ്റിംഗിൽ നിന്ന് ഒഴിവാക്കണമെന്ന ട്രസ്റ്റിന്റെ ആവശ്യത്തിലാണ് ഭരണസമിതി രേഖാമൂലം വിശദാംശങ്ങൾ അറിയിച്ചത്. ക്ഷേത്രത്തിന്റെ ഭരണത്തിൽ ട്രസ്റ്റ് ഇടപെടാറില്ലെന്നും അതിനാൽ ഓഡിറ്റിംഗിൽനിന്നും ഒഴിവാക്കണമെന്നുമായിരുന്നു ട്രസ്റ്റിന്റെ ആവശ്യം