17 September, 2021 01:14:42 AM
സംസ്ഥാന പൊതുമരാമത്ത് സെക്രട്ടറിയുടെ മകൾ ഫ്ളാറ്റിൽ നിന്നും വീണു മരിച്ചു
തിരുവനന്തപുരം: സംസ്ഥാന പൊതുമരാമത്ത് സെക്രട്ടറിയുടെ മകൾ ഫ്ളാറ്റിൽ നിന്നും വീണു മരിച്ചു. പൊതുമരാമത്ത് സെക്രട്ടറി ആനന്ദ് സിംഗിന്റെ മകൾ പ്ലസ് വണ്‍ വിദ്യാർഥിനി ഭവ്യ (16) ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചകഴിഞ്ഞായിരുന്നു സംഭവം. കവടിയാർ ജവഹർ നഗറിലെ നികുഞ്ചം ഫോർച്യൂണ്‍ ഫ്ലാറ്റിലെ ഒൻപതാം നിലയിലെ ബാൽക്കണിയിൽ നിന്ന് വഴുതിവീഴുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ഫ്ളാറ്റിന്റെ മുകളിൽ നിന്ന് എന്തോ താഴേയ്ക്ക് വീഴുന്ന ശബ്ദം കേട്ട് ഓടിയെത്തിയ സെക്യൂരിറ്റി ജീവനക്കാരനാണ് പെണ്‍കുട്ടി വീണുകിടക്കുന്നത് കാണുന്നത്. ഉടൻതന്നെ ഇടപ്പഴഞ്ഞിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കേന്ദ്രീയ വിദ്യാലയത്തിലെ പ്ലസ് വണ്‍ വിദ്യാർഥിനിയാണ് മരിച്ച ഭവ്യ.
2019 ലാണ് ഉത്തർപ്രദേശി സ്വദേശിയായ ആനന്ദ് സിംഗ് നികുഞ്ചം ഫോർച്യൂണ്‍ ഫ്ളാറ്റിൽ താമസം ആരംഭിച്ചത്. പെണ്‍കുട്ടി അപകടത്തിൽപ്പെട്ട സമയത്ത് ആനന്ദ് സിംഗ് ഉച്ചഭക്ഷണത്തിനായി വീട്ടിലെത്തിയിരുന്നു. കുട്ടിയുടെ മരണം അറിഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ ഫ്ളാറ്റിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. ഡിജിപി ഉൾപ്പെടെ ഉന്നത പോലീസ് ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തി.