10 September, 2021 06:12:10 PM


ഐപിഎസ് ഉദ്യോഗസ്ഥരെയടക്കം പഞ്ചാരകെണിയിലാക്കാന്‍ നിർദേശിച്ചത് പരാതിക്കാരനായ എസ്ഐ - യുവതി



തിരുവനന്തപുരം: ഹണിട്രാപ്പ് പരാതി ഉന്നയിച്ച എസ് ഐക്ക് എതിരെ ഗുരുതര ആരോപണവുമായി യുവതി. ഹണിട്രാപ്പിന് നിര്‍ദ്ദേശിച്ചത് പരാതിക്കാരനായ എസ് ഐ തന്നെയാണെന്ന് യുവതി മാധ്യമങ്ങളോട് പറഞ്ഞു. ഐ പി എസ് ഉദ്യോഗസ്ഥരെയടക്കം കെണിയില്‍ വീഴ്‍ത്താന്‍ തന്നോട് ആവശ്യപ്പെട്ടു. സസ്പെന്‍ഡ് ചെയ്തതിലെ വൈരാഗ്യമാണ് കാരണം. താന്‍ ആരെയും ഹണിട്രാപ്പ് ചെയ്തിട്ടില്ലെന്നും യുവതി പറഞ്ഞു. യുവതിയുടെ പരാതിയിൽ നേരത്തെ അച്ചടക്ക നടപടി നേരിട്ട എസ് ഐയാണ് പരാതി നൽകിയത്. എസ് ഐയുടെ പരാതിയിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം പാങ്ങോട് പൊലീസ് കേസെടുത്തു.

ഹണിട്രാപ്പിന്റെ അന്വേഷണം നെയ്യാറ്റിൻകര ഡി വൈ എസ് പിക്ക് തിരുവനന്തപുരം റൂറൽ എസ് പി കൈമാറി. പരാതിക്കാരനായ എസ് ഐക്കെതിരെ ഇപ്പോള്‍ പ്രതിയായ യുവതി നേരത്തെ ബാലാത്സംഗത്തിന് കേസ് നൽകിയിരുന്നു. അന്ന് തുമ്പ സ്റ്റേഷനിലെ എസ് ഐയായിരുന്ന ഉദ്യോഗസ്ഥനെതിരെ അച്ചടക്ക നടപടിയും സ്വീകരിച്ചിരുന്നു. പിന്നീട് ഈ കേസ് യുവതി തന്നെ പിൻവലിച്ചു.

പൊലീസ് ഉദ്യോഗസ്ഥരെയും ബന്ധുക്കളെയും ഒരു യുവതി ഭീഷണിപ്പെടുത്തുന്നതിന്റെ ശബ്ദരേഖ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ സ്പെഷ്യൽ ബ്രാഞ്ചും പൊലീസ് ആസ്ഥാന എ ഡി ജി പിയും രഹസ്യാന്വേഷണം നടത്തിയിരുന്നു. കൊല്ലം അഞ്ചൽ സ്വദേശിയായ യുവതി വർഷങ്ങളായി തിരുവനന്തപുരത്താണ് താമസം. യുവതി നിരവധി പൊലീസുകാരെ ഭീഷണിപ്പെടുത്തുന്നതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതായാണ് സൂചന. സൗഹൃദം സ്ഥാപിച്ച ശേഷം ഭീഷണിയിലേക്ക് കാര്യങ്ങള്‍ മാറുകയാണെന്നായിരുന്നു കണ്ടെത്തൽ. പൊലീസുകാരുടെ വീടുകളിൽ പോലും പോയി ഭീഷണിമുഴക്കിയെന്നും റിപ്പോർട്ടുകളുമുണ്ട്.

രണ്ട് വർഷങ്ങൾക്ക് മുമ്പ് ഇതേ സ്ത്രീ നിലവിലെ പരാതിക്കാരനായ എസ്ഐക്കെതിരെ മ്യൂസിയം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. തന്നെ ബലാത്സം​ഗം ചെയ്തു എന്നായിരുന്നു പരാതി. പിന്നീട് അവർ തന്നെ പരാതി പിൻവലിച്ചു. ആ പരാതിയെത്തുടർന്ന് ശിക്ഷണ നടപടിക്ക് എസ് ഐ വിധേയനായിരുന്നു. പുറത്തുവന്ന ശബ്ദരേഖകൾ പ്രകാരം ഈ എസ് ഐ മാത്രമല്ല വേറെയും നിരവധി പൊലീസ് ഉദ്യോ​ഗസ്ഥർ ഇതേ യുവതിയുടെ കെണിയിൽ പെട്ടിരുന്നു എന്നാണ് വിവരം. ഇക്കാര്യം പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, ആരും തന്നെ പരാതിയുമായി രം​ഗത്ത് വരാൻ തയ്യാറായിരുന്നില്ല. ഒരാൾ പരാതി നൽകിയ സാഹചര്യത്തിൽ ഇനി ഇതിൽ സമ​ഗ്രമായ അന്വേഷണം നടക്കും.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K