08 September, 2021 07:17:10 PM
'ആടിന്‍റെ മുഖത്ത് ഉപ്പ് തേച്ച് കാറില്‍ കടത്തും'; പാല സ്വദേശി ഉള്‍പ്പെടെ 3 മോഷ്ടാക്കള്‍ പിടിയില്‍
കിളിമാനൂര്‍: നിരവധി സ്ഥലങ്ങളില്‍ നിന്നായി ആടിനെ മോഷ്ടിച്ചിരുന്ന പ്രതികള്‍ പിടിയില്‍. കഴിഞ്ഞ ഏതാനും മാസങ്ങളായി 3 പേര്‍ നടത്തി വന്ന ആട് മോഷണ പരമ്പരയാണ് ഇതോടെ പുറത്ത് വന്നിരിക്കുന്നത്. കന്യാകുമാരി മേപ്പാലം നിരപ്പുപാല പുത്തന്‍വീട്ടിലെ അശ്വിന്‍ (23), പാല മങ്കുഴി ചാലില്‍ അമല്‍ (21), പള്ളിപ്പുറം പാച്ചിറ ചായപ്പുറത്ത് വീട്ടില്‍ ഷഫൂീഖ് മന്‍സിലില്‍ ഷമീര്‍ എന്നിവരാണ് പിടിയിലായത്. കാറില്‍ ആടുകളെ കടത്തിയിരുന്ന ഇവരെ പള്ളിക്കല്‍ പോലീസാണ് അറസ്റ്റ് ചെയ്തത്. വാഹനം കസ്റ്റഡിയിലെടുത്തു.
സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ പാച്ചിറയിലെ വീട്ടില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്. ചടയമംഗലം പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ എലികുന്നു മുകളിലെ 3 ആടുകള്‍, പുലിയൂര്‍ കോണത്ത് നിന്ന് കൂടിയ ഇനത്തിലുള്ള ആട്, തട്ടത്തുമല പെരിങ്ങുന്നം സമീര്‍ മന്‍സിലില്‍ തൗഫീക്കിന്റെ വീട്ടിലെ ആട് എന്നിവ മോഷ്ടിച്ചതായി പ്രതികള്‍ സമ്മതിച്ചു.
പിടിക്കപ്പെട്ട 3 പ്രതികള്‍ ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതികളാണെന്നും പോലീസ് പറഞ്ഞു. പിടിച്ചുപറി, മാല പൊട്ടിക്കല്‍, കവര്‍ച്ച, കഞ്ചാവ് തുടങ്ങി ഒട്ടനവധി കേസുകളില്‍ പ്രതികളായ ഇവര്‍ ആദ്യമായാണ് ആട് മോഷണം നടത്തുന്നത്. പകല്‍ സമയം കറങ്ങി നടന്ന് ആടുകള്‍ ഉള്ള വീടുകള്‍ കണ്ട് വയ്ക്കുന്ന ഇവര്‍ രാത്രി വാഹനങ്ങളില്‍ എത്തി മോഷ്ടിക്കും.
ബഹളം വയ്ക്കാതിരിക്കാന്‍ ആടിന്റെ മുഖത്ത് ഉപ്പ് തേച്ചാണ് മോഷ്ടിക്കുക പിറ്റേ ദിവസം ഇവയെ ഇറച്ചി വിലയ്ക്ക്് വില്‍ക്കും. എന്നാല്‍ ആട് മോഷണം പോയിരുന്നെങ്കിലും ആരും പരാതി നല്‍കിയിരുന്നില്ല. ഇത് പ്രതികള്‍ മപതലെടുക്കുകയും ചെയ്തു. പള്ളിക്കല്‍ ഇന്‍സ്‌പെക്ടര്‍ പി. ശ്രീജിത്ത്, എസ്.ഐ.എം സഹില്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.