29 August, 2021 03:59:29 PM
അച്ഛനെയും മകളേയും മോഷ്ടാക്കളായി ചിത്രീകരിച്ച പോലീസ് ഉദ്യോഗസ്ഥയെ സ്ഥലംമാറ്റി
തിരുവനന്തപുരം: മോഷണക്കുറ്റം ആരോപിച്ച് അച്ഛനെയും മൂന്നാം ക്ലാസുകാരി മകളേയും പരസ്യ വിചാരണ ചെയ്ത സംഭവത്തിൽ ആറ്റിങ്ങൽ പിങ്ക് പോലീസിലെ ഉദ്യോഗസ്ഥയെ സ്ഥലം മാറ്റി. സിവിൽ പോലീസ് ഓഫീസർ രജിതയെയാണ് പിങ്ക് പോലീസിൽ നിന്ന് സ്ഥലം മാറ്റിയത്. റൂറൽ എസ്പി ഓഫീസിലേക്കാണ് ഇവരെ മാറ്റിയത്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച ആറ്റിങ്ങൾ ഡിവൈ എസ്പി റിപ്പോർട്ട് റൂറൽ എസ്പിക്ക് കൈമാറിയിട്ടുണ്ട്.
രജിതക്കെതിരെ നടപടിക്ക് ശിപാർശയെന്നാണ് സൂചന. ആറ്റിങ്ങലിൽ വെള്ളിയാഴ്ച ഐഎസ്ആർഒക്ക് വേണ്ടിയെത്തിച്ച സാധന സാമഗ്രികളുടെ വാഹനം കാണാൻ റോഡരുകിൽ നിൽക്കവെ വനിതാ പോലീസ് ഉദ്യോഗസ്ഥയുടെ മൊബൈൽ ഫോണ് തോന്നയ്ക്കൽ സ്വദേശിയായ രാജേന്ദ്രനും മകളും കാറിൽ നിന്നും മോഷ്ടിച്ചെന്നാരോപിച്ചാണ് ഇരുവരെയും പരസ്യമായി അധിക്ഷേപിച്ചത്.
തങ്ങൾ ഫോൺ എടുത്തിട്ടില്ലെന്ന് കരഞ്ഞ് പറഞ്ഞിട്ടും മാനസികമായി പീഡിപ്പിക്കുകയും അധിക്ഷേപിക്കുകയും ചെയ്തുവെന്നു രാജേന്ദ്രൻ പറഞ്ഞിരുന്നു. ഒടുവിൽ മൊബൈൽ ഫോണ് വനിതാ പോലീസ് ഉദ്യോഗസ്ഥയുടെ കാറിനകത്ത് അവരുടെ ബാഗിൽ നിന്നും കിട്ടുകയായിരുന്നു.