26 August, 2021 08:36:52 PM
കഴക്കൂട്ടം - കാരോട് ബൈപ്പാസിലെ ടോൾ: ജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിക്കണം - മന്ത്രി ശിവൻകുട്ടി
തിരുവനന്തപുരം: പണി പൂർത്തിയാകാത്ത ദേശീയ പാത 66 ലെ കഴക്കൂട്ടം - കാരോട് ബൈപ്പാസിൽ തിരുവല്ലത്ത് ടോൾ പിരിക്കുന്നത് സംബന്ധിച്ച് പരാതികൾ ഉയർന്ന പശ്ചാത്തലത്തിൽ പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി ടോൾ പ്ലാസ സന്ദർശിക്കുകയായിരുന്നു. മന്ത്രിയുടെ സന്ദർശനമറിഞ്ഞ് സ്ഥലത്തെത്തിയ പ്രൊജക്റ്റ് ഡയറക്ടർ പി പ്രദീപ്, ലെയ്‌സൺ ഓഫീസർ എം കെ റെഹ്മാൻ എന്നിവരുമായി മന്ത്രി ചർച്ച നടത്തി.
പ്രദേശവാസികൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ മന്ത്രി ചർച്ചയിൽ ടോൾ പ്ലാസ അധികൃതരെ അറിയിച്ചു. പണി പൂർത്തിയാക്കുന്നത് വരെ ടോൾ പിരിവ് നിർത്തി വെക്കാനുള്ള സാധ്യത ബന്ധപ്പെട്ടവരുമായി ആലോചിക്കണമെന്ന് മന്ത്രി അറിയിച്ചു. പ്രദേശവാസികൾക്ക് സൗജന്യമായി ടോൾ പ്ലാസ കടന്നു പോകാനുള്ള സാധ്യതയും തേടണം. സർവീസ് റോഡുകൾ പൂർണമായും ഉപയോഗപ്രദമാക്കണം. പ്രദേശത്ത് വെള്ളക്കെട്ട് ഒഴിവാക്കാനുള്ള സംവിധാനം ഉണ്ടാക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.
വിഷയവുമായി ബന്ധപ്പെട്ട് ഉന്നതതല യോഗം വിളിച്ചു ചേർക്കും. പൊതുമരാമത്ത് മന്ത്രിയെ കൂടി ഉൾപ്പെടുത്തിയാകും യോഗം. വിഷയം ശ്രദ്ധയിൽപ്പെടുത്തി മന്ത്രി വി ശിവൻകുട്ടി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രിയ്ക്ക് കത്തയച്ചിരുന്നു. മലയാളിയായ കേന്ദ്ര മന്ത്രി വി മുരളീധരനും തിരുവനന്തപുരം എം പി ശശി തരൂരും വിഷയത്തിൽ ഇടപെട്ട് പരിഹാരത്തിനുള്ള സാധ്യത തേടണമെന്ന് മന്ത്രി വി ശിവൻകുട്ടി നേരത്തെ ആവശ്യപ്പെട്ടിരുന്നു.