13 August, 2021 04:19:30 PM
ഷോക്കേറ്റ കുഞ്ഞിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അമ്മയും മകളും ഷോക്കേറ്റ് മരിച്ചു
തിരുവനന്തപുരം: വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ ഷോക്കേറ്റ രണ്ടര വയസുകാരിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അമ്മയും മകളും ഷോക്കേറ്റ് മരിച്ചു. തിരുവനന്തപുരം തിരുവല്ലത്താണ് സംഭവം. തിരുവല്ലം മടത്തുനട സ്വദേശിനികളായ ഹേമ മോഹന്‍ (60) മകള്‍ നീതു (27) എന്നിവരാണ് മരിച്ചത്. ഇവരുടെ വീട്ടിൽവെച്ചാണ് ദാരുണമായ സംഭവം ഉണ്ടായത്.
വീടിന് മുന്നിൽ ഇരുന്ന കളിക്കുകയായിരുന്ന നീതുവിന്‍റെ മകൾക്ക് എർത്ത് കമ്പിയിൽനിന്ന് ഷോക്കേറ്റു. കുട്ടിയുടെ നിലവിളി കേട്ട് ഓടിയെത്തിയ നീതുവിനും അമ്മ ഹേമയ്ക്കും കുട്ടിയെ രക്ഷിക്കുന്നതിനിടെ വൈദ്യുതാഘാതമേൽക്കുകയായിരുന്നു. സമീപത്ത് ഉണ്ടായിരുന്ന പൊലീസ് വാഹനത്തിൽ ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുട്ടിയുടെ കൈയ്ക്ക് പൊള്ളലേറ്റിട്ടുണ്ട്. ഇരുവരുടെയും മൃതദേഹം പോസ്റ്റുമോർട്ടം നടത്തിയ ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. പൊലീസ് കേസെടുത്തിട്ടുണ്ട്.