12 August, 2021 06:29:19 PM
പെരുമ്പാമ്പുകളുടെ വിളയാട്ടത്തിൽ ആശങ്കയോടെ കാട്ടാക്കട കുറ്റിച്ചൽ നിവാസികൾ
കാട്ടാക്കട : പെരുമ്പാമ്പുകളുടെ വിളയാട്ടത്തിൽ ആശങ്കയോടെ കുറ്റിച്ചൽ നിവാസികൾ. കഴിഞ്ഞ പത്ത് ദിവസത്തിനുള്ളിൽ ഇവിടെനിന്ന് പിടികൂടിയത് മൂന്ന് പെരുമ്പാമ്പുകളെയും അഞ്ചിലധികം മൂർഖൻ പാമ്പുകളെയും. ചൊവാഴ്ച വൈകുന്നേരം കുറ്റിച്ചൽ തച്ചൻകോട് പ്രസന്നന്റെ പുരയിടത്തിൽ നിന്ന് പെരുമ്പാമ്പിനെ പിടികൂടിയത്. പ്രദേശത്ത് പുല്ലുപറിക്കാൻ എത്തിയവരാണ് പാമ്പിനെ കണ്ട് വനംവകുപ്പിനെ അറിയിച്ചത്. തുടർന്ന് പാമ്പുപിടിത്തക്കാരനായ കാട്ടാക്കട സ്വദേശി രതീഷ് എത്തി പിടികൂടി വനം വകുപ്പിന് കൈമാറി.
തിങ്കളാഴ്ച നെയ്യാർഡാമിൽ നാലുവയസോളം പ്രായമുള്ള പെരുമ്പാമ്പ് കോഴിയെ വിഴുങ്ങിയ നിലയിൽ കാണുകയും രതീഷ് എത്തി ഇതിനെ പിടികൂടുകയും ചെയ്തിരുന്നു. ഇതേ ദിവസം രാത്രിയോടെയാണ് കുറ്റിച്ചൽ പച്ചക്കാട് ഷാജിയുടെ പുരയിടത്തിനു സമീപത്തെ തോട്ടിലൂടെ ഒഴുകിയെത്തിയ പെരുമ്പാമ്പിനെ പിടികൂടിയത്. ഇതോടൊപ്പം കുറ്റിച്ചൽ പ്രദേശത്തു നിന്നു നിരവധി മൂർഖൻ പാമ്പുകളെയും പിടികൂടിയിരുന്നു.