17 July, 2021 01:10:54 PM
പൊലീസിന് നേരെ ബോംബെറിഞ്ഞ കഞ്ചാവ് മാഫിയാ സംഘത്തിലെ ഒരാള്‍കൂടി പിടിയില്‍
തിരുവനന്തപുരം: നെയ്യാർ ഡാം പൊലീസിനെ പെട്രോൾ ബോംബെറിഞ്ഞ് ആക്രമിച്ച സംഘത്തിലെ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. കാട്ടാക്കട കുളത്തുമ്മൽ സ്വദേശി അമനെയാണ് നെയ്യാർ ഡാം പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഞ്ചാവ് മാഫിയയുടെ സജീവ കണ്ണിയാണെന്ന് പൊലീസ് പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് 10 പേർ പൊലീസ് കസ്റ്റഡിയിലാണ്. ഇന്നലെ രാത്രി കാട്ടാക്കട- നെടുമങ്ങാട് ഡിവൈഎസ്പിമാരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. നെടുമങ്ങാട്, ആര്യങ്കോട്, കാട്ടാക്കട, അരുവിക്കര പ്രദേശങ്ങളിൽ നിന്നാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.
ഇന്നലെ പുലർച്ചെ ഒന്നരയോടെയാണ് കാട്ടാക്കട കോട്ടൂർ ജംഗ്ഷനിൽ വച്ച് പ്രതികൾ ആദ്യം പൊലീസിനെ ആക്രമിച്ചത്. ബൈക്കുകളിൽ വടിവാൾ ഉൾപ്പെടെയുള്ള ആയുധങ്ങളുമായെത്തിയ സംഘത്തെ കോട്ടൂർ ജംഗ്ഷനിൽ ഉണ്ടായിരുന്ന പൊലീസ് നൈറ്റ് പെട്രോൾ സംഘം ആദ്യം വിരട്ടിയോടിച്ചു. എന്നാൽ പിന്നീട് സംഘടിച്ചെത്തിയ അക്രമികൾ പോലീസിന് നേരെ ആക്രമണം നടത്തുകയായിരുന്നു. ഇതിനിടെയാണ് സിപിഒ ടിനോ ജോസഫിന് പരിക്കേറ്റത്.
തുടർന്നാണ് വ്ളാ വെട്ടി നെല്ലികുന്നം കോളനി പ്രദേശം കേന്ദ്രീകരിച്ച അക്രമി സംഘം പൊലീസിന് നേരെ പെട്രോൾ ബോംബെറിഞ്ഞത്. ബോംബേറിന് ശേഷം അക്രമിസംഘം പൊലീസ് ജീപ്പ് അടിച്ച് തകർത്തു. സമീപത്തെ വീടുകൾക്ക് നേരെയും ആക്രമണം നടത്തി. വീടുകളുടെ ജനാലകളും, വാഹനങ്ങളും അക്രമികൾ തകർത്തു. പൊലിസിന് വിവരം ചോർത്തി നൽകി എന്നാരോപിച്ചാണ് പ്രദേശവാസികൾക്ക് നേരെ അക്രമം അഴിച്ച് വിട്ടത്. കഞ്ചാവ് മാഫിയയുടെ അക്രമം തുടങ്ങിയതോടെ പ്രദേശവാസികൾ വീടുകളിൽ നിന്ന് ഇറങ്ങിയോടി.
വ്യാഴാഴ്ച പുലർച്ചെയും സ്ഥലത്ത് കഞ്ചാവ് മാഫിയ വീട് കയറി ആക്രമണം നടത്തിയിരുന്നു. കോട്ടൂർ നാരകത്തിൻമൂട് പള്ളിവിള ഹൗസിൽ ബദറുദ്ദീന്റെ വീടിനു നേരെയാണ് ആക്രമണം ഉണ്ടായത്. വീടിന്റെ പിൻവാതിൽ തകർത്ത് അകത്തുകടന്ന അക്രമിസംഘം വീട്ടുസാധനങ്ങൾ മുഴുവൻ അടിച്ചു തകർത്തു. ഫ്രിഡ്ജ്, ടിവി തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങളും നശിപ്പിച്ചു.
ബദറുദ്ദീന്റെ വീടിന് സമീപത്തെ കഞ്ചാവ് വിൽപ്പന വിലക്കിയതാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് പറയുന്നു. സംഭവത്തിൽ എട്ട് പേർക്കെതിരെ കേസെടുത്തു. രണ്ടു ദിവസം മുമ്പ് ബൈക്കിൽ വീട്ടിലേക്ക് പോയ ഒരു യുവാവിനെയും കഞ്ചാവ് മാഫിയ ആക്രമിച്ചിരുന്നു. ഈ കേസിൽ നാല് പേർക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. നെയ്യാർ ഡാം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന കഞ്ചാവ് വിൽപ്പന സംഘത്തെ അമർച്ച ചെയ്യാൻ പൊലീസിന് കഴിയുന്നില്ലെന്നാണ് വിമർശനം.