12 June, 2021 07:01:54 PM


സർക്കാർ നിർദ്ദേശത്തിന് പുല്ലുവില; സെക്രട്ടറിയറ്റ് ഡ്യൂട്ടിക്ക് ജീവനക്കാരില്ല



തിരുവനന്തപുരം: സർക്കാർ ജീവനക്കാർ ലോക്ക്ഡൗൺ കാലം ആഘോഷിക്കുകയാണന്നാണ് പൊതു ജനങ്ങളുടെ പരാതി. ഇത് ശരിവയ്ക്കുന്നതാണ് സെക്രട്ടേറിയറ്റിലെ ഹാജർ നില. നിയമസഭാ സമ്മേളനം നടക്കുന്നതിനാൽ എല്ലാ വകുപ്പിലെയും 50 ശതമാനം ജീവനക്കാർ ജോലിക്ക് ഹാജരാകണമെന്ന് നിർദേശം നൽകിയിരുന്നു. മറ്റു ജീവനക്കാർ വീടുകളിൽ ഇരുന്ന് 'വർക്ക് അറ്റ് ഹോം' വ്യവസ്ഥയിൽ ജോലി ചെയ്യണം എന്നുമായിരുന്നു നിർദ്ദേശം. എന്നാൽ ഇത് പാലിക്കാൻ ജീവനക്കാർ തയ്യാറായില്ല.


ജീവനക്കാർ ജോലിക്ക് എത്തിയില്ല എന്ന് മാത്രമല്ല ഇതുസംബന്ധിച്ച ഹാജർനില നൽകാനും ബന്ധപ്പെട്ട വകുപ്പുകൾ തയ്യാറായില്ല. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും ഗുരുതര വീഴ്ച ഉണ്ടായ പശ്ചാത്തലത്തിൽ ഹാജർനില കൃത്യമായി പരിശോധിക്കാനാണ് സർക്കാർ തീരുമാനം. ഓരോ വകുപ്പു മേധാവികളും ഹാജർനില പരിശോധിച്ച് ച്ച പൊതുഭരണ വകുപ്പിന് റിപ്പോർട്ട് ചെയ്യണം. എല്ലാ ദിവസവും 11 മണിക്ക് മുമ്പായി ഈ നിർദേശം പാലിച്ചിരിക്കണം എന്നാണ് ചീഫ് സെക്രട്ടറിയുടെ സർക്കുലർ.


നിയമസഭാ സമ്മേളനം നടക്കുമ്പോൾ സെക്രട്ടേറിയറ്റിലെ വകുപ്പുകൾ അധികസമയം ജോലി ചെയ്യുന്നതാണ് പതിവ്. സാമാജികരുടെ ചോദ്യത്തിന് കൃത്യസമയത്ത് മറുപടി നൽകുന്നതിനും മറ്റുമാണ് ഇത്തരം ക്രമീകരണം ഉണ്ടാക്കിയിരുന്നത്. യാത്രാ സൗകര്യം ഇല്ലാത്തതിനാൽ ആണ് ജോലിക്ക് എത്താൻ കഴിയാത്തതിന് ജീവനക്കാർ മുന്നോട്ടുവയ്ക്കുന്ന ന്യായം. എന്നാൽ സെക്രട്ടേറിയറ്റ് ജീവനക്കാർ നഗരത്തിന്റെ നിശ്ചിത പരിധിക്കുള്ളിൽ താമസിക്കണമെന്ന് സർക്കാർ നിർദ്ദേശം നിലവിലുണ്ട് .



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K