31 May, 2021 11:19:52 AM
'ചോക്ക് പിടിക്കാൻ പോയി തോക്ക് പിടിച്ച' ചാക്കോയെ തേടി പുരസ്കാരങ്ങളുടെ നീണ്ട നിര
കാസർഗോഡ്: അധ്യാപകനാകാനാണ് കാസർഗോഡ് വെള്ളരിക്കുണ്ട് സ്വദേശിയായ ചാക്കോ ഇരുപതാം വയസിൽ മേഘാലയയിലേക്ക് ട്രെയിൻ കയറിയത്. ബിഎഡ് എടുത്ത് പിന്നീട് അധ്യാപനത്തിലേക്ക് തിരിയുകയായിരുന്നു ഡിഗ്രി കഴിഞ്ഞ ചാക്കോയുടെ ലക്ഷ്യം. മേഘാലയയിലെ ഒരു കോളജിൽ ബിഎഡിന് ചേർന്ന് അഞ്ചു മാസങ്ങൾ കഴിഞ്ഞപ്പോൾ പത്രത്തിൽ ഒരു പരസ്യം കണ്ടു.
മേഘാലയ പോലീസിലേക്ക് സബ് ഇൻസ്പെക്ടർമാരെ ക്ഷണിക്കുന്നു. പിന്നെ ഒന്നും ആലോചിച്ചില്ല, അപേക്ഷിച്ചു. സെലക്ഷനും കിട്ടി. പിന്നെ, നടന്നതെല്ലാം സിനിമയെ വെല്ലുന്ന സംഭവവികാസങ്ങള്‍. ഇരുപത്തിയൊന്നാം വയസിലാണ് മേഘാലയ പോലീസിൽ സബ് ഇൻസ്പെക്ടർ ട്രെയിനിയായി ചേര്‍ന്നത്. ട്രെയിനിംഗ് പൂർത്തിയായ ശേഷം വിവിധ സ്റ്റേഷനുകളിലായി ജോലി ചെയ്യുകയായിരുന്നു.
ഇക്കാലയളവിൽ മേഘാലയയിൽ ആഭ്യന്തര തീവ്രവാദം അതിശക്തമായി. ചെറുതും വലുതുമായ പതിനാല് തീവ്രവാദസംഘടനകൾ ചേർന്ന് ഒരു സമാന്തര ഭരണം നടത്തിയിരുന്നു. സർക്കാരിനുതന്നെ തലവേദനയായി ഈ ഗ്രൂപ്പുകൾ. ഒടുവിൽ, ഇവരെ നേരിടാൻ പോലീസിന്റെ ഒരു ടീമിനെ രൂപീകരിക്കുന്നു. ടീമിൽ ചാക്കോയും ഇടംപിടിച്ചു. പിന്നീട്, ഇതിന്റെ തലപ്പത്തേക്ക്. അങ്ങനെ, ചോക്ക് പിടിക്കാൻ വന്ന കൈകൾ എകെ 47 നും എസ്എൽആർ അടക്കമുള്ള ആയുധങ്ങളുമായി തീവ്രവാദികളെ അമർച്ച ചെയ്യാൻ പുറപ്പെട്ടു.
അഞ്ഞൂറോളം ഓപ്പറേഷനുകൾ, മുന്നൂറോളം എൻകൗണ്ടറുകൾ, 30 വർഷം നീണ്ടുനിന്ന പോരാട്ടത്തിനൊടുവിൽ 2017 ഓടെ തീവ്രവാദസംഘടനകളെയെല്ലാം ചാക്കോയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം തുടച്ചുനീക്കി. ഇതിനിടയിൽ ധീരതയ്ക്കുള്ള രാഷ്ട്രപതിയുടെ നാലു മെഡലുകളും ചാക്കോയെ തേടിയെത്തി. മേഘാലയ സർക്കാരിന്റെ നിരവധി പുരസ്കാരങ്ങളും ഡിജിപിയുടെ 30 പ്രശസ്തി പത്രങ്ങളും ലഭിച്ചു.
അങ്ങനെ, ചാക്കോ എന്ന മലയാളി മേഘാലയ പോലീസിന്റെ ചരിത്രതാളുകളിൽ ഇടം നേടി. പോലീസ് ജീവിതത്തിനിടയിൽ അഞ്ചു വര്‍ഷം സിബിഐയില്‍ സേവനം ചെയ്തു. അഴിമതി വിരുദ്ധ സ്ക്വാഡില്‍ ബംഗളൂരു യൂണിറ്റിലായിരുന്നു സേവനം. 33 വർഷമായി മേഘാലയ പോലീസിൽ ജോലി ചെയ്യുന്ന ചാക്കോ ഇപ്പോൾ അഡീഷണല്‍ സൂപ്രണ്ട് ഓഫ് പോലീസാണ്. ചാക്കോയുടെ കുടുംബം ബംഗളൂരുവിലാണ് താമസം. ഭാര്യ ഡെയ്സമ്മ വീട്ടമ്മയാണ്. പിന്ദു ചാക്കോ, സ്നേഹ റോസ് എന്നിവർ മക്കളാണ്