01 August, 2023 11:55:37 AM
വെള്ളക്കെട്ടിൽ വീണ് വിദ്യാർത്ഥി മരിച്ചു; വാർത്ത അറിഞ്ഞ് അയൽവാസി മരിച്ചു

കാസർഗോഡ്: വെള്ളക്കെട്ടിൽ വീണ് വിദ്യാർത്ഥി മരിച്ചു. എരികുളം സ്വദേശി ആൽബിൻ സെബാസ്റ്റ്യൻ (17) ആണ് മരിച്ചത്. ആൽബിന്‍റെ മരണ വാർത്ത അറിഞ്ഞ് അയൽവാസിയായ സ്ത്രീ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു.
ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് ബങ്കളത്തെ വെള്ളക്കെട്ടിൽ ആൽബിൻ വീണത്.
ബന്ധുക്കളായ കുട്ടികൾക്കൊപ്പമാണ് ആൽബിനും നീന്താൻ എത്തിയത്. കുട്ടിയുടെ അമ്മയും ഈ സമയം വെള്ളക്കട്ടിനരികെ നോക്കി നിൽക്കുന്നുണ്ടായിരുന്നു. അതിനിടെയാണ് കാണാതായത്. ഇവരുടെ നിലവിളികേട്ട് എത്തിയ നാട്ടുകാർ ഉടൻ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
ഓട്ടുകമ്പനിയിലേക്ക് കളിമണ്ണെടുത്ത മൂന്ന് ആൾപൊക്കത്തിലുള്ള കുളത്തിലേക്കാണ് വിദ്യാർത്ഥി വീണത്. ഉപ്പിലക്കൈ ഗവ. ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ്.
വാർത്ത അറിഞ്ഞത് മുതൽ അയൽവാസിയായ വിലാസിനി (62) അസ്വസ്ഥയായിരുന്നു. വിലാസിനിയെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും, ആൽബിൻ മരിച്ചെന്ന വാർത്ത അറിഞ്ഞതിനെ തുടർന്ന് ഹൃദയാഘാതം ഉണ്ടാവുകയായിരുന്നു.
അഗ്നിരക്ഷാ സേനയും നാട്ടുകാരും സ്കൂബാ ടീം അംഗങ്ങളും നടത്തിയ തിരച്ചലിനൊടുവിൽ ഇന്ന് രാവിലെയോടെയാണ് ആൽബിന്‍റെ മൃതദേഹം കണ്ടെത്തിയത്.