15 November, 2023 05:24:39 PM
കാണാതായ യുവാവിന്‍റെ മൃതദേഹം പുഴക്കടവിന് സമീപത്തെ കുറ്റിക്കാട്ടിൽ

കാസർകോട്: നാല് ദിവസം മുൻപ് കാണാതായ യുവാവിന്‍റെ മൃതദേഹം പുഴക്കടവിനോട് ചേർന്ന കുറ്റിക്കാട്ടിൽ കണ്ടെത്തി. കാസർകോട് കളനാട് ചിറമ്മൽ സ്വദേശി രഞ്ജിത്താണ് മരിച്ചത്. 44 വയസായിരുന്നു.
നവംബർ 11 നാണ് ഇദ്ദേഹത്തെ കാണാതായത്. അന്ന് മുതൽ ബന്ധുക്കളും നാട്ടുകാരും പലവഴിക്ക് അന്വേഷിച്ചെങ്കിലും ഇദ്ദേഹത്തെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് പൊലീസ് അന്വേഷിച്ചിട്ടും ഫലമുണ്ടായില്ല.
ഇന്ന് രാവിലെയാണ് പുഴക്കടവിൽ ചിറമ്മൽ പാലത്തിന് സമീപത്തെ കുറ്റിക്കാട്ടിൽ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിൽ മൃതദേഹം രഞ്ജിത്തിന്‍റേതാണെന്ന് തെളിഞ്ഞു. മൃതദേഹം കാസർകോട് ജനറൽ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.