26 May, 2021 12:38:10 PM
കടല്‍ക്ഷോഭം രൂക്ഷം: വിഴിഞ്ഞത്ത് ബോട്ട് മുങ്ങി ഒരാള്‍ മരിച്ചു; രണ്ട് പേരെ കാണാതായി
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട യാസ് ചുഴലിക്കൊടുങ്കാറ്റിന്റെ സ്വാധീനത്തില്‍ തീരമേഖലയില്‍ വന്‍ കടല്‍ക്ഷോഭം തുടരുന്നതിനിടെ വിഴിഞ്ഞത്ത് ബോട്ട് മുങ്ങി ഒരാള്‍ മരിച്ചു. പൂന്തുറ സ്വദേശി ഡേവിഡ്സണ്‍ ആണ് മരിച്ചത്. കാണാതായ ജോസഫ്, സേവ്യര്‍ എന്നിവര്‍ക്ക് വേണ്ടി തിരച്ചില്‍ തുടരുന്നു. അടിമലത്തുറയില്‍നിന്നാണ് ഡേവിഡ്സണിന്റെ മൃതദേഹം ലഭിച്ചത്.
വിഴിഞ്ഞം മൗത്തില്‍ വച്ചാണ് രണ്ട് ബോട്ടുകള്‍ അപകടത്തില്‍പെട്ടത്. ഇതില്‍ സെന്‍റ് തോമസ് എന്ന ബോട്ടാണ് കടലില്‍ മുങ്ങിയത്. മത്സ്യബന്ധനത്തിന് ശേഷം കരയിലേക്ക് തിരികെ വരുന്നതിനിടെ ശക്തമായ തിരയില്‍ അകപ്പെട്ടാണ് ബോട്ട് മുങ്ങിയത്. വളരെ പെട്ടെന്ന് രൂപപ്പെട്ട വലിയ തിരയില്‍ പെട്ട് ചെറുവള്ളങ്ങള്‍ കടലിലേക്ക് ഒഴുകി പോവുകയും ചെയ്തു. ഇന്നലെ രാത്രിമുതല്‍ രക്ഷാപ്രവര്‍ത്തനം കോസ്റ്റുഗോര്‍ഡും നാട്ടുകാരുമുള്‍പ്പെടെ നടത്തുന്നുണ്ട്. മന്ത്രിമാരായ ആന്റണി രാജുവും സജി ചെറിയാനും വിഴിഞ്ഞത്ത് എത്തിയിരുന്നു