22 May, 2021 05:58:46 PM


ആറ്റിങ്ങല്‍ ബിവറേജസ് വെയര്‍ഹൗസില്‍ മോഷണം; നഷ്ടപ്പെട്ടത് 90 കെയ്‌സ് മദ്യം



തിരുവനന്തപുരം: ബിവറേജസ് കോർപറേഷന്‍റെ ആറ്റിങ്ങൽ വെയർഹൗസിൽ വീണ്ടും മോഷണം. രണ്ടുതവണയായി 90 കെയ്സ് മദ്യം നഷ്ടപ്പെട്ടതായാണ് വിവരം. അടുത്തിടെ എക്സൈസ് നടത്തിയ പരിശോധനയിൽ ആറ്റിങ്ങൽ പരിസരത്ത് നിന്നും വിദേശമദ്യം പിടിച്ചെടുത്തിരുന്നു. തുടർന്നാണ് മദ്യം സൂക്ഷിക്കുന്ന വെയർഹൗസ് കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിച്ചത്. വെയർഹൗസ് മാനേജരെ വിളിച്ചു വരുത്തി നടത്തിയ പരിശോധനയിലാണ് അമ്പതിലധികം കെയ്സ് മദ്യത്തിന്റെ കുറവ് കണ്ടെത്തിയത്.



മെയ് 9ന് വെയർഹൗസിൽ മോഷണം നടന്നതായാണ് നിഗമനം. സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ വിശദമായി പരിശോധിച്ചുവരികയാണ്. കഴിഞ്ഞ ലോക്ക്ഡൗൺ കാലത്തും ആറ്റിങ്ങലിലെ ബിവറേജസ് വെയർഹൗസിൽനിന്ന് മദ്യം മോഷണം പോയിരുന്നു. അന്ന് ഇവിടെ നിന്ന് 40 കെയ്സ് മദ്യമാണ് കാണാതായത്. ലോക്ക്ഡൗണിനു ശേഷം ഗോഡൗൺ തുറന്ന് സ്റ്റോക്ക് എടുത്തപ്പോഴാണ് സ്റ്റോക്കിൽ കുറവു കണ്ടത്. തുടർന്ന് മാനേജരടക്കം പിഴ അടച്ചിരുന്നു. മദ്യം സുരക്ഷിതമായി സൂക്ഷിക്കുന്ന വെയർഹൗസിൽ നിന്നു തന്നെ മദ്യം മോഷ്ടിച്ചുവെന്നത് എക്സൈസിനെയും അമ്പരപ്പിച്ചിട്ടുണ്ട്.


സംഭവം ഗുരുതരമായതിനാൽ എക്സൈസ് കമ്മീഷണറേറ്റിലും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സംസ്ഥാനത്ത് മറ്റ് വെയർഹൗസുകളിലും സമാന സംഭവങ്ങൾ നടന്നിട്ടുണ്ടോയെന്നും എക്സൈസ് പരിശോധിച്ചുവരികയാണ്. ഇപ്പോള്‍ വെയർഹൗസിന്റെ പൂട്ട് പൊളിക്കുകയോ മറ്റ് ഏതെങ്കിലും വിധത്തിൽ മോഷണശ്രമമോ ഇതുവരെയും കണ്ടെത്തിയിട്ടില്ല. വെയർഹൗസ് മാനേജർക്കു പുറമേ, മദ്യം സൂക്ഷിക്കുന്നതിന്റെ താക്കോൽ ഉള്ളത് എക്സൈസ് അധികൃതരുടെ കൈയിലാണ്. ഡ്യുപ്ലിക്കേറ്റ് താക്കോൽ നിർമിച്ച് മോഷണം നടത്തിയെന്നാണ് നിലവിലെ നിഗമനം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K