22 May, 2021 05:25:09 PM


9 ദിവസത്തെ കൊവിഡ് ചികിത്സയ്ക്ക് 85000 രൂപ; തുക അടയ്ക്കാന്‍ തയ്യാറാകാതെ രോഗി



തിരുവനന്തപുരം: സർക്കാർ ചട്ടം കാറ്റിൽ പറത്തി കൊവിഡ് ചികിത്സയ്ക്ക് അമിത തുക ഈടാക്കിയെന്ന് ആരോപണം. പള്ളിത്തുറ സ്വദേശിനി ഷെറിൻ ജസ്റ്റിന്‍റെ ചികിത്സയ്ക്ക് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രി ഒൻപത് ദിവസത്തേക്ക് 85000 രൂപയുടെ ബില്ലാണ് നല്‍കിയത്. എന്നാല്‍ ഈ തുക അടയ്ക്കാന്‍ തങ്ങള്‍ തയ്യാറല്ലെന്ന നിലപാടുമായി രോഗിയുടെ ബന്ധുക്കള്‍ രംഗത്തെത്തിയതോടെ ബില്ലില്‍ കുറഞ്ഞുകിട്ടിയത് 48000 രൂപ. എന്നാല്‍ ഷെറിന്‍റെയും ബന്ധുക്കളുടെയും ആരോപണം ശരിയല്ലെന്നാണ് ആശുപത്രി അധികൃതരുടെ പക്ഷം.


ഷെറിന് രോ​ഗലക്ഷണങ്ങൾ കണ്ടയുടൻ തന്നെ തിരുവനന്തപുരം കിംസ് ആശുപത്രിയിലാണ് ചികിത്സ തേടിയത്. കൊവിഡ് പൊസിറ്റീവായതിനെതുടര്‍ന്ന് തൊട്ടടുത്ത ലോര്‍ഡ്സ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. കിംസിൽ ബെഡ് ഇല്ലാത്തതുകൊണ്ടാണ് ഷെറിനെ ലോര്‍ഡ്സിലേക്ക് മാറ്റിയതെന്ന് ബന്ധുക്കള്‍ പറയുന്നു. വാര്‍ഡ് സംവിധാനമില്ലാത്ത ലോര്‍ഡ്സ് ആശുപത്രിയില്‍ ഒരു മുറിയില്‍ രണ്ട് പേര്‍ എന്ന രീതിയില്‍ രോഗികളെ അഡ്മിറ്റ് ചെയ്താണ് സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരമുള്ള 2645 രൂപയ്ക്ക് കോവിഡ് ചികിത്സ ലഭ്യമാക്കിവരുന്നത്.


ഇത്തരം റൂമില്‍ ഷെയറിം​ഗ് ബെഡ്ഡാണ് തങ്ങള്‍ ആവശ്യപ്പെട്ടിരുന്നതെന്നും എന്നാല്‍ സിം​ഗിൾ ഒക്ക്യുപ്പെൻസി ബെഡ്ഡിന്‍റെ ബില്ലാണ് തങ്ങള്‍ക്ക് ലഭിച്ചതെന്നും  ഷെറിനും കുടുംബവും മാധ്യമങ്ങളോട് പറഞ്ഞു. ഒൻപത് ദിവസത്തെ മുറിവാടക 81,000 രൂപയും മറ്റ് ചെലവുകളും ഉള്‍പ്പെടെ 85000 രൂപയുടെ ബില്ലാണ് ആശുപത്രി നല്‍കിയത്. ഇന്നലെ ഷെറിന് കൊവിഡ് നെ​ഗറ്റീവായെങ്കിലും ബിൽ തുക മുഴുവനും അടയ്ക്കാത്തതിനാൽ ഡിസ്ചാർജ് നടപടികള്‍ വൈകിച്ചുവെന്നാണ് ബന്ധുക്കളുടെ പരാതി.


എന്നാല്‍ ആശുപത്രി അധികൃതരുടെ വിശദീകരണം ഇങ്ങനെ - ഒമ്പത് ദിവസം മുന്നേ ഷെറിന്‍ കോവിഡ് പോസിറ്റീവ് ആയി എത്തിയപ്പോള്‍ അവരുടെ താത്പര്യപ്രകാരം തന്നെയാണ് സിംഗിള്‍ ഒക്യുപെന്‍സിയായി റൂം നല്‍കിയത്. ഇത്തരത്തില്‍ റൂം എടുത്താല്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന തുകയില്‍ ചികിത്സ ലഭ്യമാകില്ലെന്നും വിവിധ ടെസ്റ്റുകള്‍, റൂം വാടക, പിപിഇ കിറ്റ്,കണ്‍സള്‍ട്ടിംഗ് ഫീസ്, മരുന്നുകള്‍ തുടങ്ങിയവ എല്ലാം ഉള്‍പ്പെടെ ദിവസേന 9000 രൂപയുടെ പാക്കേജ് ആയിരിക്കും ലഭിക്കുക എന്നും ഇവരെ ധരിപ്പിച്ചിരുന്നു. എന്നാല്‍ ഇത് വാക്കാല്‍ പറഞ്ഞതല്ലാതെ ഇവരോട് എഴുതിവാങ്ങിയിരുന്നില്ല എന്നതാണ് ഇപ്പോഴുണ്ടായ പ്രശ്നത്തിന് കാരണമായത്.


ഒമ്പത് ദിവസത്തെ ചികിത്സയ്ക്കുശേഷം ഇന്നലെ വൈകിട്ട് ആന്‍റിജന്‍ പരിശോധനയില്‍ കോവിഡ് നെഗറ്റീവായി.  തുടര്‍ന്ന് 7.30ന് 85000 രൂപയുടെ ബില്‍ കൊടുത്തു. പാക്കേജ് അനുസരിച്ചുള്ള 81000 രൂപയും, പാക്കേജില്‍ ഉള്‍പ്പെടാത്ത മറ്റ് ചിലവുകളും കൂട്ടിയായിരുന്നു ഈ തുക. എന്നാല്‍ ഈ തുക അടയ്ക്കാന്‍ തങ്ങള്‍ തയ്യാറല്ല എന്ന നിലപാടായിരുന്നു രോഗിയും ബന്ധുക്കളും സ്വീകരിച്ചത്. ആദ്യം സമ്മതിച്ചതില്‍ നിന്നും വ്യത്യസ്തമായി സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച  2645 രൂപയേ അടയ്ക്കു എന്നായിരുന്നു അവരുടെ പക്ഷം. ഇതിനിടെ ഓഫീസ് അടച്ചതിനാല്‍ ഇന്നലെ രാത്രി ഡിസ്ചാര്‍ജും നടക്കില്ലായിരുന്നു. ബില്‍ തുക മുഴുവന്‍ അടക്കില്ല എന്ന നിലപാടില്‍ രോഗി ഉറച്ചുനിന്നതോടെ 36993 രൂപ വാങ്ങി ഇന്ന് ഉച്ചകഴിഞ്ഞ് ഡിസ്ചാര്‍ജ് ചെയ്തു. 2645 രൂപയ്ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ള പാക്കേജില്‍ ഉള്‍പ്പെടാതെ അധികമായി വന്ന ചികിത്സാചെലവുകള്‍ ഉള്‍പ്പെടെയാണ് ഈ തുകയെന്ന് ആശുപത്രി പിആര്‍ഓ രാജേഷ് കൈരളി വാര്‍ത്തയോട് പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K