21 May, 2021 02:08:55 AM
സത്യപ്രതിജ്ഞവേദിയായ പന്തൽ പൊളിക്കില്ല; വാക്സീൻ വിതരണ കേന്ദ്രമാക്കും
തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാറിന്റെ സത്യപ്രതിജ്ഞ വേദിയായ സെൻട്രൽ സ്റ്റേഡിയത്തിലെ പന്തൽ പൊളിക്കില്ല. സത്യപ്രതിജ്ഞ വേദി വാക്സീൻ വിതരണ കേന്ദ്രമാക്കാനാണ് തീരുമാനം. ഇതു സംബന്ധിച്ച ഉത്തരവ് ഉടൻ ഇറക്കും. പൊതുജനാരോഗ്യ വിദഗ്ദൻ ഡോ എസ് എസ് ലാൽ ഉൾപ്പെടെ സെൻട്രൽ സ്റ്റേഡിയത്തിലെ വേദി പൊളിക്കരുതെന്ന് അഭിപ്രായപ്പെട്ടിരുന്നു.
എൺപതിനായിരം സ്ക്വയർ ഫീറ്റ് വിസ്താരമുള്ള പന്തലിൽ അയ്യായിരം പേരെ വരെ ഉൾക്കൊള്ളാൻ കഴിയും. മാത്രമല്ല നല്ല വായു സഞ്ചാരവും ലഭിക്കും. സ്റ്റേഡിയത്തിൽ തൽക്കാലം കായിക പരിപാടികൾ ഒന്നും ഇല്ലാത്തതിനാൽ വേദി വാക്‌സിൻ വിതരണ കേന്ദ്രമാക്കി മാറ്റാൻ ആലോചനയുണ്ടായിരുന്നു. ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയം പോലെയുള്ള കേന്ദ്രങ്ങളിലെ തിരക്ക് നിയന്ത്രിക്കാൻ പുതിയ തീരുമാനത്തിലൂടെ കഴിയും.