20 May, 2021 02:12:34 PM
തിരുവനന്തപുരത്ത് ആശുപത്രി ക്യാന്‍റീനിൽ തീ പിടിത്തം; കളക്ടർ റിപ്പോർട്ട് തേടി
തിരുനന്തപുരം: എസ്.പി ഫോര്‍ട്ട് ആശുപത്രിയിൽ തീപിടിത്തം. റിപ്പോർട്ട് തേടി ജില്ലാ കളക്ടർ. ഫയർ ഫോഴ്‌സ് അധികൃതരോടാണ് റിപ്പോർട്ട് ആവശ്യപ്പെട്ടത്. സ്ഥിതി പൂർണ നിയന്ത്രണ വിധേയമെന്ന് കളക്ടർ അറിയിച്ചു. ഇന്ന് രാവിലെ ഒൻപത് മണിയോടെയാണ് തീപിടിത്തമുണ്ടായത്. ആശുപത്രിക്ക് പിന്നിലുള്ള കാന്‍റീനിലായിരുന്നു സംഭവം. അഗ്നിശമനസേനയെത്തി തീ നിയന്ത്രണവിധേയമാക്കി. തീ പിടിത്തത്തിന്‍റെ കാരണം വ്യക്തമായിട്ടില്ല. ആശുപത്രിയിലെ വൈദ്യുതി ബന്ധം പൂർണമായും നിലച്ചു.
തീപിടിത്തത്തെ തുടര്‍ന്ന് ആശുപത്രിയിലെ ഒന്നും രണ്ടും നിലകളില്‍ പുകനിറഞ്ഞു. രോഗികള്‍ ചികിത്സയിലുണ്ടായിരുന്ന മുറികളിലും പുക കയറി. രോഗികളെ മറ്റ് ആശുപത്രികളിലേക്ക് മാറ്റി. 22ഓളം രോഗികളാണ് മുറികളില്‍ ചികിത്സയിലുണ്ടായിരുന്നത്.ആംബുലന്‍സ് എത്തിച്ച് ഇവരെ തൊട്ടടുത്ത ആശുപത്രിയിലേക്ക് മാറ്റി. ഗുരുതര അസുഖമുളള രോഗികളെയാണ് ഒഴിപ്പിച്ചത്.
തീ അണയ്ക്കുന്നതിനിടെ മൂന്ന് ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥർക്ക് നേരിയ പരുക്കേറ്റു. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ പ്രദീപ് കുമാർ, ഫയർ ആൻഡ് റസ്ക്യൂ ഓഫിസർ അരുൺ വി നായർ, അനീഷ് എന്നിവർക്കാണ് പരുക്കേറ്റത്. ക്യാന്റീൻ ചില്ല് തകർക്കുന്നതിനിടെ ഇവരുടെ കൈക്കാണ് പരുക്ക് പറ്റിയത്. ഇവരെ ഫോർട്ട് ആശുപത്രിയിൽ നിന്ന് തന്നെ പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു.