14 May, 2021 08:49:14 PM


വാക്‌സിനേഷന് മുന്‍പ് രക്തദാനം നടത്തി കെഎസ്ആര്‍ടിസി ജീവനക്കാര്‍



നെയ്യാറ്റിൻകര: കൊവിഡ് വാക്‌സിനേഷന് മുന്‍പായി രക്തദാനം നിര്‍വഹിച്ച് കെഎസ്ആര്‍ടിസി ജീവനക്കാര്‍. നെയ്യാറ്റിന്‍കര ഡിപ്പോയിലെ 35 ജീവനക്കാരാണ് തിരുവനന്തപുരം ശ്രീചിത്ര മെഡിക്കല്‍ സെന്ററില്‍ എത്തി രക്തം ദാനം ചെയ്തത്. ആര്‍.ടി.പി.സി.ആര്‍ പരിശോധനയില്‍ നെഗറ്റീവ് സാക്ഷ്യപ്പെടുത്തിയവരാണ് രക്തം നല്‍കിയത്.


രക്തദാതാക്കളുടെ യാത്ര ബസ് സ്റ്റാന്‍ഡില്‍ കെ. ആന്‍സലന്‍ എംഎല്‍എ ഫ്‌ളാഗ് ഓഫ് ചെയ്തു. സോണല്‍ ഓഫീസര്‍ ലോപ്പസ്, എ.ടി.ഒ.ബഷീര്‍, ജനറല്‍ സി.ഐ.സതീഷ് കുമാര്‍, അസോസിയേഷന്‍ ഭാരവാഹികളായ എസ്.എസ്.സാബു, എന്‍.കെ.രഞ്ജിത്ത്, ജി.ജിജോ, എന്‍.എസ്.വിനോദ് എന്നിവര്‍ പങ്കെടുത്തു. ബസില്‍ രക്തദാനത്തിനായി ശ്രീചിത്രയില്‍ എത്തിയ ജീവനക്കാരെ തിരുവനന്തപുരം കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയര്‍ പി കെ രാജു ,പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ ഡി ആര്‍ അനില്‍, ശ്രീചിത്ര ബ്ലഡ് ബാങ്ക് കോര്‍ഡിനേറ്റര്‍ ജോര്‍ജ് എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. രക്തദാതാക്കള്‍ക്ക് ഡെപ്യൂട്ടി മേയര്‍ സ്‌നേഹോപഹാരങ്ങള്‍ സമ്മാനിച്ചു.


എന്‍.എസ്. വിനോദ് ആദ്യ രക്തദാനം നിര്‍വഹിച്ചു. മാതൃകാപരമായ പ്രവര്‍ത്തനം നടത്തിയ കെ.എസ്.ആര്‍.ടി.സി. ജീവനക്കാരെ സി.എം.ഡി.ബിജു പ്രഭാകര്‍ ഐഎഎസ് അഭിനന്ദിച്ചു. ഇതുപോലെ മറ്റ് യൂണിറ്റുകളില്‍ നടത്താന്‍ താത്പര്യമുള്ളവരുടെ ലിസ്റ്റ് അതാത് യൂണിറ്റ് ഓഫീസര്‍മാര്‍ക്ക് നല്‍കണമെന്നും സിഎംഡി അറിയിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K