14 May, 2021 08:42:48 PM


കനത്ത മഴയും കടൽക്ഷോഭവും; തിരുവനന്തപുരത്ത് 78 കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു



തിരുവനന്തപുരം: തലസ്ഥാനത്ത് തുടരുന്ന ശക്തമായ മഴയ്ക്കും കാറ്റിനും ശമനമില്ല. തീരമേഖലയിൽ കടൽക്ഷോഭം രൂക്ഷമായി തുടരുന്നു. ജില്ലയിൽ 78 കുടുംബങ്ങളിലായി 308 പേരെ മാറ്റി പാർപ്പിച്ചു. വിവിധ താലൂക്കുകളിലായി 32 വീടുകൾ ഭാഗികമായും ഒരു വീട് പൂർണമായും തകർന്നു. കൂടുതൽ ആളുകളെ മാറ്റിപാർപ്പിക്കേണ്ട സാഹചര്യമുണ്ടായാൽ ക്യാമ്പുകൾ തുറക്കാനായി 318 കെട്ടിടങ്ങൾ സജ്ജമാക്കി.


തിരുവനന്തപുരം താലൂക്കിൽ നാലു ദുരിതാശ്വാസ ക്യാമ്പുകളിലായി 184 പേരെ മാറ്റി പാർപ്പിച്ചു. പേട്ട സെന്റ് റോച്ചസ് സ്‌കൂളിൽ 19 കുടുംബങ്ങളും കഴിയുന്നുണ്ട്. കാലടി ഗവൺമെന്റ് സ്‌കൂളിൽ ആറു കുടുംബങ്ങളിലെ 21 പേരെ മാറ്റി പാർപ്പിച്ചിട്ടുണ്ട്. കഠിനംകുളത്ത് 18 കുടുംബങ്ങളിലെ 99 പേരെ മാറ്റി പാർപ്പിച്ചു. ചിറയിൻകീഴിൽ രണ്ടു ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. നെയ്യാറ്റിൻകരയിൽ മൂന്നും. വിഴിഞ്ഞം ഹാർബർ എൽ.പി. സ്‌കൂളിൽ 38 പേരും പൊഴിയൂർ ജി.യു.പി.എസിൽ 13 കുടുംബങ്ങളിലെ 51 പേരെയും മാറ്റി പാർപ്പിച്ചു.


നെയ്യാറ്റിൻകരയിൽ ഒരു വീട് പൂർണമായും 13 എണ്ണം ഭാഗീകമായും തകർന്നു. തിരുവനന്തപുരം താലൂക്കിൽ മൂന്ന്, വർക്കല – 4, നെടുമങ്ങാട് – 9, ചിറയിൻകീഴ് -3 എന്നിങ്ങനെയാണു മറ്റു താലൂക്കുകളിൽ ഭാഗീകമായി തകർന്ന വീടുകളുടെ എണ്ണം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K