14 May, 2021 01:17:39 PM


രാജന്‍ പി ദേവിന്‍റെ മകന്‍റെ ഭാര്യയുടെ മരണം: ദുരൂഹത ആരോപിച്ച്‌ കുടുംബം



തിരുവനന്തപുരം; നടന്‍ രാജന്‍ പി ദേവിന്‍റെ മകന്‍റെ ഭാര്യയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച്‌ കുടുംബം. ഉണ്ണി പി ദേവിന്റെ ഭാര്യ പ്രിയങ്കയെ യാണ് ബുധനാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ തിരുവനന്തപുരം വെമ്ബായത്തെ വീട്ടിനുളളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്തൃപീഡനമാണ് മരണകാരണമെന്ന ആരോപണവുമായി ഭാര്യ പ്രിയങ്കയുടെ കുടുംബം രംഗത്തെത്തി. പ്രിയങ്കയുടെ സഹോദരന്റെ പരാതിയില്‍ പൊലിസ് അന്വേഷണം തുടങ്ങി.


ഭര്‍ത്താവ് ഉണ്ണി പി. ദേവുമായുള്ള പ്രശ്നത്തെത്തുടര്‍ന്ന് അങ്കമാലിയിലെ വീട്ടില്‍ നിന്നും കഴിഞ്ഞ ദിവസമാണ് പ്രിയങ്ക വെമ്ബായത്തെ സ്വന്തം വീട്ടിലെത്തിയത്. മരിക്കുന്നതിന് തലേ ദിവസം പ്രിയങ്ക ഉണ്ണിക്കെത്തിരെ വട്ടപ്പാറ സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. സ്ത്രീധനം കുറഞ്ഞുപോയെന്ന് പറഞ്ഞു പ്രിയങ്കയെ ഉണ്ണി നിരന്തരം മര്‍ദ്ദിക്കുന്നതായി പരാതിയില്‍ പറയുന്നു. പ്രിയങ്കയ്ക്ക് മര്‍ദ്ദനമേറ്റതിന്റെ വീഡിയോയും കുടുംബം പുറത്തുവിട്ടിട്ടുണ്ട്.


തിരുവനന്തപുരം സ്വദേശിയാണ് പ്രിയങ്ക. നേരത്തെ പൊലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും നടപടിയുണ്ടായില്ലെന്ന് ആരോപണമുണ്ട്. പ്രിയങ്കയുടെ സഹോദരന്റെ പരാതിയില്‍ തിരുവനന്തപുരം വട്ടപ്പാറ പൊലീസ് അന്വേഷണം തുടങ്ങി. പ്രിയങ്കയുടെ കുടുംബത്തിന്റെ ആരോപണത്തില്‍ ഉണ്ണി രാജന്‍ പി ദേവും കുടുംബവും ഇതുവരെ പ്രതികരിച്ചിട്ടില്ല.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K