10 May, 2021 06:33:42 PM
കഞ്ചാവ് - കള്ളനോട്ട് കേസ് പ്രതികളുടെ ഇഫ്താർ വിരുന്ന് പോലീസ് സ്റ്റേഷനിൽ: വിശദീകരണം തേടി
തിരുവനന്തപുരം: ലോക്ക്ഡൗൺ നിർദ്ദേശങ്ങൾ നിലനിൽക്കേ പൊലീസ് സ്റ്റേഷനിൽ ഉദ്യോഗസ്ഥരുടെയും ക്രിമിനലുകളുടെയും നേതൃത്വത്തിൽ ഇഫ്താർ വിരുന്ന്. പോത്തൻകോട് പൊലീസ് സ്റ്റേഷനിലാണ് സംഭവം. ഞായറാഴ്ച ഉച്ചയ്ക്കാണ് ഇഫ്താർ വിരുന്ന് നടത്തിയെന്ന ആക്ഷേപം ഉയർന്നിരിക്കുന്നത്. സംഭവം പുറത്തായതോടെ ഉന്നത ഉദ്യോഗസ്ഥർ എസ്.ഐ.യോട് വിശദീകരണം ചോദിച്ചിട്ടുണ്ട്.
അടുത്ത കാലത്ത് കഞ്ചാവ് കേസിലെയും കള്ളനോട്ട് കേസിലെയും പ്രതികളായവരാണ് വിരുന്ന് നടത്താൻ മുൻകൈയെടുത്തതെന്നാണ് ആക്ഷേപം. കഞ്ചാവ് കേസിൽ ശിക്ഷിക്കപ്പെട്ടതും കള്ളനോട്ട് കേസിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയയാളും സ്റ്റേഷനിലെ പല പോലീസുകാരുടെയും ഇടനിലക്കാരൻ എന്നറിയപ്പെടുന്നയാളുമാണ് ഇഫ്താർ വിരുന്ന് നടത്തിയതെന്നാണ് ആരോപണം.
ലോക്ക്ഡൗൺ നിർദ്ദേശങ്ങൾ പാലിച്ച് ജനങ്ങൾ വീട്ടിനുള്ളിൽ കഴിയുമ്പോഴാണ് നിയമം നടപ്പാക്കേണ്ടവരുടെ ഭാഗത്ത് നിന്നും ഗുരുതരമായി നിയമലംഘനമുണ്ടായിരിക്കുന്നത്. രണ്ടാഴ്ച മുമ്പ് ഇതേ സ്റ്റേഷനിലെ എസ്.എച്ച്.ഒ. ഉൾപ്പെടെ പോത്തൻകോട് സ്റ്റേഷനിലെ ആറോളം പൊലീസുകാർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.