07 May, 2021 11:07:32 AM
ഓഫ് വെട്ടിക്കുറച്ചു: തിരുവനന്തപുരം മെഡി. കോളേജില്‍ നഴ്സുമാരുടെ പ്രതിഷേധം
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നഴ്സുമാരുടെ പ്രതിഷേധം. 10 ദിവസത്തെ ഡ്യൂട്ടിക്ക് 3 ഓഫ് പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം. ഇടത് സംഘടനയായ കേരള ഗവ. നഴ്‍സസ് അസോസിയേഷനാണ് പ്രതിഷേധിക്കുന്നത്. നഴ്‍സുമാരുടെ കോവിഡ് ഡ്യൂട്ടി ഓഫ് ആണ് വെട്ടിക്കുറച്ചത്. 10 ദിവസത്തെ കോവിഡ് ഡ്യൂട്ടിക്ക് 3 ദിവസം ഓഫ് ആണ് നഴ്‍സുമാര്‍ക്ക് ലഭിച്ചിരുന്നത്. ഇതാണ് വെട്ടിക്കുറച്ചത്. ഇത് പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ടാണ് നഴ്‍സുമാരുടെ പ്രതിഷേധം.
പുതിയ ഉത്തരവ് പ്രകാരം ആറുദിവസത്തെ ഡ്യൂട്ടിക്ക് ശേഷം ഒരു ഓഫ് മാത്രമാണ് അനുവദിച്ചിട്ടുള്ളത്. വീണ്ടും ആറ് ദിവസത്തെ ഡ്യൂട്ടിക്ക് കയറണം. ഇന്നലെ രാത്രിയാണ് ഇത് സംബന്ധിച്ചുള്ള ഉത്തരവ് ഇറങ്ങിയത്. ആശുപത്രി സൂപ്രണ്ടാണ് ഉത്തരവ് ഇറക്കിയത്. ഇത് പ്രകാരം നോര്‍മല്‍ ഓഫ് മാത്രമാണ് നഴ്‍സുമാര്‍ക്ക് അനുവദിക്കുകയുള്ളൂ എന്നാണ് അറിയിച്ചിരിക്കുന്നത്. നേരത്തെ കോവിഡ് ഡ്യൂട്ടിയില്‍ ഏര്‍പ്പെട്ടിരുന്നവര്‍ക്ക് 7 ദിവസത്തെ ഡ്യൂട്ടിയും 3 ദിവസത്തെ ഓഫുമാണ് കൊടുത്തിരുന്നത്. പിന്നീട് രോഗികളുടെ എണ്ണം കൂടിയപ്പോള്‍ 10 ദിവസത്തെ ഡ്യൂട്ടിയും 3 ദിവസത്തെ ഓഫും ആക്കി മാറ്റി.
പുതിയ ഉത്തരവ് അംഗീകരിക്കാനാകില്ലെന്ന് ഗവണ്‍മെന്‍റ് നഴ്‍സസ് അസോസിയേഷന്‍ അറിയിച്ചിരിക്കുന്നത്. ഇന്നലെ അസോസിയേഷന്‍ ഭാരവാഹികള്‍ സൂപ്രണ്ടിനെ സമീപിച്ചെങ്കിലും തനിക്ക് ഇതില്‍ ഇനിയൊന്നും ചെയ്യാന്‍ കഴിയില്ല എന്ന മറുപടിയാണ് ലഭിച്ചത്. അതുകൊണ്ടാണ് ഇന്ന് അസോസിയേഷന്‍ പ്രതിഷേധത്തിന് ഇറങ്ങിയത്. ഡ്യൂട്ടി ബഹിഷ്കരിക്കാതെയാണ് പ്രതിഷേധം. അനുകൂലമായ തീരുമാനം ഉണ്ടായില്ലെങ്കില്‍ ഡ്യൂട്ടി ബഹിഷ്കരിക്കുന്നതടക്കമുള്ള സമരത്തിലേക്ക് കടക്കുമെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.