06 May, 2021 06:36:11 PM


'അന്ന് പരിഹസിച്ചവർ ക്ഷമ ചോദിച്ചു'; ശ്മശാന നിർമ്മാണ വിഷയത്തിൽ ആര്യാ രാജേന്ദ്രൻ




തിരുവനന്തപുരം: ശ്മശാന നിർമ്മാണ വിഷയത്തിൽ പരിഹസിച്ചവർ പിന്നീട് ക്ഷമ ചോദിച്ചതായി തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ. പ്രശ്നങ്ങളെ മുൻകൂട്ടി കാണമെന്നും എല്ലാവരെയും രക്ഷിക്കുകയാണ് ലക്ഷ്യമെന്നും തിരുവനന്തപുരം മേയർ ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. മറ്റു സംസ്ഥാനങ്ങളിലെ പോലെയുള്ള അവസ്ഥയല്ല കേരളത്തിലെന്ന് ആര്യാ രാജേന്ദ്രൻ പറഞ്ഞു.


മികച്ച പ്രതിരോധ സംവിധാനങ്ങളുണ്ട്. ആരോഗ്യസംവിധാനങ്ങളുണ്ട്. എല്ലാവരെയും രക്ഷിക്കുക എന്നതാണ് ലക്ഷ്യം. തിരുവനന്തപുരം നഗരസഭ എല്ലാ തയ്യാറെടുപ്പുകളും നടത്തുന്നുണ്ട്. വിമര്‍ശിച്ചവരെല്ലാം ആ വാര്‍ത്തകള്‍ കണ്ടിട്ടുണ്ടാകും. ആരും മരിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ അല്ല നമ്മള്‍. എന്നാല്‍ മരിച്ചു കഴിഞ്ഞാല്‍ മൃതദേഹം സംസ്‌കരിക്കുക എന്നത് ഉത്തരവാദിത്വമാണെന്നും തിരുവനന്തപുരം മേയർ പറഞ്ഞു.


'ട്രോളുകള്‍ പോസ്റ്റു ചെയ്തവര്‍ എന്നെ വിളിച്ച് ക്ഷമ ചോദിച്ച സാഹചര്യമുണ്ടായി. നമ്മളെ ബാധിക്കുന്ന പ്രശ്‌നങ്ങളെ മുന്‍കൂട്ടി കാണുക. അതൊരു കരുതല്‍ എന്ന ഭാഗത്ത് നിന്നായിരുന്നു. കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്ന സമയത്ത് തന്നെയാണ് ഇങ്ങനെയൊരു സംവിധാനവും ചെയ്ത് വച്ചത്. അതൊന്നും ശ്രദ്ധിക്കാതെ ചിലര്‍ രാഷ്ട്രീയ കാഴ്ചപാടുകളോടെ വിമര്‍ശിക്കണമെന്ന് മാത്രം കണ്ടുകൊണ്ടാണ് രംഗത്തെത്തിയത്'- ആര്യാ രാജേന്ദ്രൻ പറഞ്ഞു.


കോവിഡ് ബാധിതരുടെ മൃതദേഹങ്ങള്‍ കൃത്യമായി സംസ്‌കരിക്കാന്‍ സാധിക്കുന്നുണ്ടെന്നു ആര്യാ രാജേന്ദ്രന്‍ പറഞ്ഞു. തിരുവനന്തപുരം ശാന്തികവാടത്തില്‍ മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ തിരക്ക് കൂടുകയാണെന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു മേയർ. രാജ്യത്തെ മറ്റു സംസ്ഥാനങ്ങളില്‍ കാണുന്നത് പോലെ മൃതദേഹങ്ങള്‍ തെരുവില്‍ കിടക്കേണ്ട സാഹചര്യം ഉണ്ടാവില്ലെന്നും പ്രതിസന്ധി മുന്നില്‍ കണ്ട് എല്ലാ സംവിധാനങ്ങളും മുന്‍കൂട്ടി തയ്യാറാക്കിയിട്ടുണ്ടെന്നും ആര്യ പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K