05 May, 2021 04:11:02 PM
തിരുവനന്തപുരത്ത് ഷോറൂമിൽ നിന്ന് മോഷ്ടിച്ച കാർ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി
തിരുവനന്തപുരം: യൂസ്ഡ് കാർ ഷോറൂമിൽ നിന്നും മോഷണം പോയ കാർ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. അഞ്ചൽ -കുളത്തൂപ്പുഴ റോഡിൽ എരൂരിന് സമീപം പൂവണതുംമൂട്ടിലാണ് റോഡ് വശത്തു ആളൊഴിഞ്ഞ സ്ഥലത്തു കാർ ഉപേക്ഷിച്ച നിലയിൽ കണ്ടത്. ഇന്ന് പുലർച്ചെ ഇതുവഴി പോയ ലോറി ഡ്രൈവർമാരുടെ ശ്രദ്ധയിൽ പെടുകയും വെഞ്ഞാറമൂട് പോലീസിനെ വിവരം അറിയിക്കുകയുമായിരുന്നു.
വെഞ്ഞാറമൂട് തന്ത്രാംപൊയ്കയിൽ പ്രവർത്തിക്കുന്ന റിയാസിന്‍റെ ഉടമസ്ഥതയിലുള്ള സിറ്റിസെൻ യൂസ്ഡ് കാർ ഷോപ്പിൽ നിന്നാണ് ഇന്നലെ രാത്രി കാർ മോഷണം പോയത്. കെ എൽ 16 യു 2552 നമ്പർ വെള്ള നിറത്തിലുള്ള ഫോക്സ് വാഗൺ പോളോ കാറാണ് മോഷണം പോയത്. പിന്നില്‍ ബാഗ് തൂക്കി മാസ്‌ക് ധരിച്ചെത്തിയ 25 വയസിനകത്ത് പ്രായം തോന്നിക്കുന്നയാൾ ഷോറൂം ഓഫീസിന്‍റെ പൂട്ടു തകർത്ത് കാറുമായി കടന്നു കളയുകയായിരുന്നു. ഷോറൂമിന്റെ മുൻ ഭാഗത്തെ സി സി ടി വി ക്യാമറ ഓഫ് ചെയ്തിരുന്നതിനാല്‍ മറ്റു ദൃശ്യങ്ങള്‍ ലഭിച്ചില്ല.
ഇന്നു രാവിലെ ഓഫീസ് തുറക്കാനെത്തിയ ജീവനക്കാരാണ് മോഷണ വിവരം ആദ്യം അറിഞ്ഞത്. ഇവർ ഉടൻ തന്നെ പൊലീസിനെ വിവരം അറിയിച്ചു. വെഞ്ഞാറമൂട് സി ഐ രതീഷിന്‍റെ നേതൃത്വത്തിൽ പോലീസും, ഫോറൻസിക് സംഘവും ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ദ്ധരും സ്ഥലത്ത് എത്തി പരിശോധന നടത്തി വാഹനം വെഞ്ഞാറമൂട് പോലീസ് സ്റ്റേഷനിലേയ്ക്ക് മാറ്റി. മോഷ്ടാക്കളെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്നും ഉടൻ അറസ്റ്റ് ഉണ്ടാകുമെന്നും സി ഐ പറഞ്ഞു.
ഷോറൂമിന്‍റെ വശത്തുള്ള ഓഫീസ് തകർത്താണ് മോഷ്ടാവ് അകത്തു കടന്നത്. അതിനുശേഷം അവിടെ ഉണ്ടായിരുന്ന മേശയും അലമാരയും കുത്തിപ്പൊളിച്ചു. തുടര്‍ന്ന് താക്കോല്‍ കൈവശപ്പെടുത്തിയ ശേഷമാണ് കാര്‍ സ്റ്റാര്‍ട്ടാക്കിയത്. തുടര്‍ന്ന് കെട്ടിടത്തിന്റെ ഗേറ്റിന്റെ പൂട്ടുപൊളിച്ചാണ് വാഹനം പുറത്തിറക്കിയത്. കടയിലെ ലൈറ്റുകള്‍ അണയ്ക്കാന്‍ വേണ്ടി ജീവനക്കാര്‍ രാവിലെ എത്തിയപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. ഓഫീസിലെ സിസിടിവിയില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ 1.45ന് മോഷ്ടാവ് അകത്ത് കടക്കുന്ന ദൃശ്യം ഷോറൂമിന്‍റെ കംപ്യൂട്ടറിൽനിന്ന് ലഭിച്ചിട്ടുണ്ട്.
ഷോറൂമില്‍ 18 ഓളം കാറുകളാണ് ഉണ്ടായിരുന്നത്. എന്നാൽ അതില്‍ ഏറ്റവും വില കൂടിയ കാറാണ് കള്ളന്‍ കവര്‍ന്നത്. ഈ കാറിന്റെ കൃത്യമായ താക്കോല്‍ തന്നെ കണ്ടെടുത്ത് ഉപയോഗിച്ചാണ് കാര്‍ കടത്തി കൊണ്ടുപോയത്. ഇതിന് പിന്നിലെ ദുരൂഹത പൊലീസ് സംശയിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ സ്ഥാപനത്തില്‍ മുമ്പ് വന്നിട്ടുള്ള ആരെങ്കിലുമായിരിക്കാം മോഷണം നടത്തിയതെന്നാണ് പൊലീസ് സംശയിക്കുന്നത്