26 April, 2021 02:10:04 PM
തിരുവനന്തപുരം വാക്‌സിനേഷൻ കേന്ദ്രത്തിൽ വൻ തിരക്ക്; മൂന്ന് പേർ കുഴഞ്ഞുവീണു
തിരുവനന്തപുരം: തിരുവനന്തപുരത്ത് വാക്‌സിനേഷൻ കേന്ദ്രത്തിൽ തിക്കും തിരക്കും. ജിമ്മി ജോർജ് സ്‌റ്റേഡിയത്തിലാണ് വാക്‌സിനെടുക്കാൻ എത്തിയവരുടെ നീണ്ട നിര. കഴിഞ്ഞ ദിവസം വാക്‌സിൻ എടുക്കാൻ കഴിയാതെ മടങ്ങിയവരും ഇന്നെത്തിയതാണ് തിരക്കിന് കാരണമായത്. മണിക്കൂറുകൾ കാത്തു നിൽക്കേണ്ടി വന്നതോടെ മൂന്ന് വയോധികർ കുഴഞ്ഞുവീണു.
വാക്‌സിൻ സ്വീകരിക്കാൻ നിരവധി പേരാണ് ജിമ്മി ജോർജ് സ്‌റ്റേഡിയത്തിൽ എത്തിയത്. സാമൂഹിക അകലം ഉൾപ്പെടെ കൃത്യമായ പ്രോട്ടോക്കോൾ പാലിക്കാതെയാണ് വാക്‌സിനേഷൻ നടന്നത്. വാക്‌സിൻ സ്വീകരിക്കാൻ മണിക്കൂറുകളോളം ക്യൂവിൽ നിൽക്കേണ്ടി വന്നതോടെ മൂന്ന് പേർ കുഴഞ്ഞുവീണു. ആംബുലൻസ് ഇല്ലാതിരുന്നതിനാൽ 108 ആംബുലൻസ് വിളിച്ചു വരുത്തിയാണ് കുഴഞ്ഞുവീണ സ്ത്രീയെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്.