14 April, 2021 06:03:46 PM
തലസ്ഥാനത്ത് 100 പവൻ സ്വർണം കവർന്ന കേസ്: 5 പ്രതികൾ കസ്റ്റഡിയില്‍
തിരുവനന്തപുരം: തലസ്ഥാനത്ത് സ്വർണ വ്യാപാരിയെ വെട്ടിപ്പരിക്കേൽപ്പിച്ച് 100 പവൻ സ്വർണ്ണം കവർന്ന കേസിൽ 5 പ്രതികൾ കസ്റ്റഡിയില്‍. ഇവരുടെ പൂര്‍ണ്ണവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഇവർ സഞ്ചരിച്ച കാറും പിടികൂടി. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പോലീസ് വിവരങ്ങൾ ശേഖരിച്ചത്. ഏപ്രിൽ 9ന് രാത്രി പളളിപ്പുറത്ത് വച്ച് മഹാരാഷ്ട്ര സ്വദേശി സമ്പത്തിനെ ഒരു സംഘം അക്രമികള്‍ കണ്ണിൽ മുളക് പൊടി വിതറിയ ശേഷം വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന ബന്ധു ലക്ഷ്മണ, ഡ്രൈവർ അരുൺ എന്നിവരെ തട്ടിക്കൊണ്ടു പോയി വഴിയിലുപേക്ഷിച്ചു.
സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പോലീസ് പ്രതികളിലേക്ക് എത്തിയത്. പള്ളിപ്പുറം, പെരുമാതുറ, നെടുമങ്ങാട് പ്രദേശങ്ങളിലുള്ള അഞ്ചു പേരാണ് കസ്റ്റഡിയിലുള്ളത്. ഇവർക്ക് ക്വട്ടേഷൻ നൽകിയതെന്നാണ് പ്രാഥമിക വിവരം. പ്രതികൾ എത്തിയെന്നു കരുതുന്ന സ്വിഫ്റ്റ് കാർ കസ്റ്റഡിയിലെടുത്തു. ഒരു വാഹനം കണ്ടെത്താനുണ്ട്. റൂറൽ എസ്.പി. മധുവിന്റെ നേതൃത്വത്തിലാണ് അന്വേഷണം. ആരാണ് ക്വട്ടേഷൻ തന്നത് അപഹരിച്ച സ്വർണ്ണം എന്നിവ കണ്ടെത്താനുണ്ട്. 6 പ്രതികൾ ഒളിവിലാണ്.