31 March, 2021 10:20:20 PM
'പൂവ് ചോദിച്ചപ്പോൾ പൂക്കാലം തന്നെ കൊടുത്തു'; കടകംപള്ളിയെ വെട്ടിലാക്കി ശോഭാ സുരേന്ദ്രന്‍
തിരുവനന്തപുരം: 'പൂവ് ചോദിച്ചപ്പോൾ പൂക്കാലം തന്നെ കൊടുത്തു'. കഴക്കൂട്ടത്തെ എന്‍ഡിഎ സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രനെ പിന്തുണച്ച് കഴക്കൂട്ടത്തേക്ക് ദേശീയ നേതാക്കൾ ആരും എത്തിനോക്കുന്നില്ല എന്ന മന്ത്രി കടകംപള്ളി സുരേന്ദ്രന്‍റെ ആരോപണത്തിന് ചുട്ട മറുപടിയുമായി ശോഭാ സുരേന്ദ്രന്‍ ഇട്ട ഫേസ് ബുക്ക് പോസ്റ്റ് അക്ഷരാര്‍ത്ഥത്തില്‍ മന്ത്രിയെ വെട്ടിലാക്കിയിരിക്കുകയാണ്.
കഴക്കൂട്ടത്തെ ഒരു വോട്ടർ എന്ന നിലയിൽ അങ്ങ് പ്രകടിപ്പിച്ച ആശങ്ക സഗൗരവം പരിഗണിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയും, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും എത്തിചേരുന്നുണ്ടെന്നും രണ്ട് പേരുടെ പരിപാടിയിലേക്കും അങ്ങയെ ക്ഷണിക്കുന്നുവെന്നുമാണ് ശോഭാ സുരേന്ദ്രന്‍റെ പോസ്റ്റ്. കഴക്കൂട്ടത്തെ ഒരു വോട്ടറായ ഏതൊരു പൗരനോ പൗരയോ എന്നോട് ഒരു ആവശ്യം ഉന്നയിച്ചാൽ അത് പരിഗണിക്കേണ്ട ഉത്തരവാദിത്തം തനിക്കുണ്ടെന്നും ശോഭാ സുരേന്ദ്രന്‍ വെളിപ്പെടുത്തുന്നു.
വൈറലായ കുറിപ്പിന് കീഴില്‍ ശോഭയെ അനുകൂലിച്ച് ധാരാളം കമന്‍റുകളാണ് എത്തിയിട്ടുള്ളത്. പൂവ് ചോദിച്ചപ്പോൾ പൂക്കാലം തന്നെ കൊടുത്തു എന്നാണ് ഒരു കമന്‍റ്. ജയിക്കും മുമ്പെ കഴക്കൂട്ടത്തെ ഒരു വോട്ടറുടെ ആവശ്യം സാക്ഷാല്ക്കരിച്ചുവെന്ന് ഒരാള്‍ പറഞ്ഞപ്പോള്‍ സോഷ്യൽ മീഡിയ ഇത്രയും ഭംഗി ആയി ഉപയോഗിക്കുന്ന തിരുവനന്തപുരം ജില്ലയിലെ ഏക സ്ഥാനാർഥിയെന്നാണ് ശോഭയെ മറ്റൊരാള്‍ വിശേഷിപ്പിച്ചത്. കഴക്കൂട്ടത്ത് കാറ്റ് മാറി വീശുമെങ്കിൽ അത് യുവജനങ്ങളുടെയും, അമ്മമാരുടെയും വോട്ട് കൊണ്ടാകുമെന്നും ഇവര്‍ പറയുന്നു.
ശോഭാ സുരേന്ദ്രന്‍റെ ഫേസ് ബുക്ക് കുറിപ്പ് ഇങ്ങനെ...
"ബഹുമാനപ്പെട്ട ദേവസ്വം സഹകരണ വകുപ്പ് മന്ത്രി ശ്രീ കടകംപള്ളി സുരേന്ദ്രനൊരു തുറന്ന ക്ഷണക്കത്ത്.
കഴക്കൂട്ടത്തേയ്ക്ക് ദേശീയ നേതാക്കൾ ആരും വരുന്നില്ല എന്നൊരു പരാതി അങ്ങുന്നയിച്ചിരുന്നല്ലോ? കഴക്കൂട്ടത്തെ ഒരു വോട്ടർ എന്ന നിലയിൽ അങ്ങ് പ്രകടിപ്പിച്ച ആശങ്ക ഞാൻ സഗൗരവം പരിഗണിച്ചു. കഴക്കൂട്ടത്തെ ഒരു വോട്ടറായ ഏതൊരു പൗരനോ പൗരയോ എന്നോട് ഒരു ആവശ്യം ഉന്നയിച്ചാൽ അത് പരിഗണിക്കേണ്ട ഉത്തരവാദിത്ത്വമുണ്ടല്ലോ. ആയതിനാൽ നമ്മുടെ മണ്ഡലത്തിലേക്ക് ഉലകനായകനായ ഇന്ത്യയുടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജിയും, ഇന്ത്യയിൽ 30 കോടി ജനസംഖ്യയുള്ള ഉത്തർപ്രദേശിന്റെ മുഖ്യമന്ത്രി ശ്രീ യോഗി ആദിത്യനാഥ് ജിയും ഏപ്രിൽ 1, 2 ദിവസങ്ങളിൽ എത്തിച്ചേരുന്നുണ്ട്. രണ്ടു പരിപാടിയിലേക്കും ഞാൻ അങ്ങയെ ക്ഷണിക്കുന്നു."