10 March, 2021 06:34:43 PM
കല്ലമ്പലത്ത് കാറുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ മൂന്നു യുവാക്കള്‍ക്ക് പരിക്ക്
തിരുവനന്തപുരം: കല്ലമ്പലത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് മൂന്നു യുവാക്കള്‍ക്ക് പരിക്കേറ്റു. കല്ലമ്പലം പുതുശ്ശേരിമുക്ക് സ്വദേശികളായ സൈജു (25), ഷൈജു (26), രാഹുല്‍ (19) എന്നിവര്‍ക്കാണ് പരിക്കേറ്റത്. പുലര്‍ച്ചെ ഒരുമണിയോടെ കല്ലമ്പലം ജംഗ്ഷനിലായിരുന്നു അപകടം. മൂന്ന് സുഹൃത്തുക്കളും ഒരേ ബൈക്കിലായിരുന്നു സഞ്ചരിച്ചിരുന്നത്. ഇടിയുടെ ആഘാതത്തില്‍ കാറിന്‍റെ മുന്‍ വശവും ബൈക്കും പൂര്‍ണ്ണമായും തകര്‍ന്നു.
റോഡില്‍ തെറിച്ചുവീണ മൂവരെയും കല്ലമ്പലം പൊലീസെത്തി ചാത്തന്‍പാറയിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. രണ്ടുപേര്‍ അപകട നില തരണം ചെയ്തതായും സൈജുവിന്‍റെ നില ഗുരുതരാവസ്ഥയില്‍ തുടരുന്നതായും ആശുപത്രി അധികൃതര്‍ പറഞ്ഞു. അഗ്നിശമനസേനയെത്തി റോഡ് ശുചീകരിച്ചു.